ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാദിവസവും ജന്മദിനം ആഘോഷിക്കുന്നത് നന്നായിരിക്കുമെന്ന് കോൺഗ്രസ്. പ്രധാനമന്ത്രിയുടെ ജന്മദിനത്തിലാണ് ബി.ജെ.പി. സംസ്ഥാനങ്ങൾ ഉണർന്നെഴുന്നേറ്റ് പതിവു ദിവസങ്ങളിലേതിനേക്കാൾ എത്രയോ മടങ്ങ് വാക്സിൻ നൽകിയത്. 2.5 കോടി വാക്സിനേഷന്റെ ദിവസങ്ങൾ ഇനിയും ഉണ്ടാകാൻ കാത്തിരിക്കുന്നെന്നും വാക്സിൻ വിതരണത്തിൽ ഈ വേഗതയാണ് വേണ്ടതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

വെള്ളിയാഴ്ച പ്രധാനമന്ത്രിയുടെ 71-ാം ജന്മദിനത്തിൽ 2.5 കോടിയിലേറെ ഡോസ് വാക്സിനാണ് രാജ്യമൊട്ടുക്കും നൽകിയത്.

വളരെ ആഹ്ലാദകരമായ കാര്യമാണ് നടന്നതെന്ന് പി. ചിദംബരം ട്വീറ്റു ചെയ്തു. എന്നാൽ ഇതിനായി പ്രധാനമന്ത്രിയുടെ ജന്മദിനംവരെ കാത്തിരിക്കേണ്ടിവരുന്നത് എന്തിനാണ്? ഡിസംബർ 31-നായിരുന്നു പ്രധാനമന്ത്രിയുടെ ജന്മദിനമെങ്കിൽ രണ്ടരക്കോടി വാക്സിൻ കൊല്ലത്തിന്റെ അവസാനദിവസമേ നൽകൂ എന്നാണോ? വാക്സിനേഷൻ എന്നത് ജന്മദിനത്തിൽ കേക്ക് മുറിക്കുന്നതുപോലുള്ള സംഗതിയല്ല. അതൊരു പരിപാടിയും പ്രക്രിയയുമാണ്. അത് എല്ലാദിവസങ്ങളിലും ഊർജിതമായി മുന്നോട്ടുപോകണം. ജന്മദിനത്തിൽ മാത്രം കൂടുതൽപേർക്ക് നൽകേണ്ടതല്ല. യു.പി, മധ്യപ്രദേശ്, ഗുജറാത്ത്, കർണാടക എന്നീ സംസ്ഥാനങ്ങൾ സാധാരണ ദിവസങ്ങളിലേതിനേക്കാൾ എത്രയോ മടങ്ങ് വാക്സിനാണ് വെള്ളിയാഴ്ച നൽകിയത്. മറ്റു ദിവസങ്ങളിൽ ഇവർ പ്രവർത്തിക്കാത്ത സംസ്ഥാനങ്ങളാണ്. എല്ലാ ദിവസവും പ്രധാനമന്ത്രി ജന്മദിനം ആഘേഷിക്കട്ടെ എന്ന് ചിദംബരവും പറഞ്ഞു.