ലഖ്നൗ: ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളായ ഉത്തർപ്രദേശും ഉത്തരാഖണ്ഡും വിദേശത്തുനിന്ന് കോവിഡ് വാക്സിനുകൾ നേരിട്ട്‌ ഇറക്കുമതിചെയ്യും. രണ്ടുസംസ്ഥാനങ്ങളും ഇതിനുള്ള നടപടികളാരംഭിച്ചു.

നാലുകോടി ഡോസുകൾ വാങ്ങുന്നതിനുള്ള ആഗോള ടെൻഡർ യു.പി. സർക്കാർ മേയ് ആദ്യം പുറത്തിറക്കി. ലേലത്തിനുമുന്നോടിയായുള്ള യോഗം ബുധനാഴ്ച നടക്കുമെന്നും താത്പര്യമുള്ളവർക്ക് പങ്കെടുക്കാമെന്നും അഡീഷണൽ ചീഫ് സെക്രട്ടറി നവനീത് സഹഗൽ പറഞ്ഞു. കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടുള്ള വാക്സിനുകളാകും വാങ്ങുകയെന്നും അദ്ദേഹം വ്യക്തമാക്കി.

റഷ്യൻ നിർമിത വാക്സിനായ സ്പുട്‌നികിനുപുറമേ മൊഡേണ, ജോൺസൺ ആൻഡ് ജോൺസൺ കമ്പനികളും ലേലത്തിൽ പങ്കെടുക്കുമെന്നാണ് കരുതുന്നത്. ഇവയിൽ സ്പുട്‌നിക്കിനുമാത്രമാണ് നിലവിൽ അനുമതി ലഭിച്ചിട്ടുള്ളത്. മൊഡേണ ഇതുവരെയും അനുമതിക്കായി കേന്ദ്രസർക്കാരിനെ സമീപിച്ചിട്ടില്ല.

വിദേശത്തുനിന്ന് വാക്സിൻ ഇറക്കുമതിചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് ഉത്തരാഖണ്ഡ് സർക്കാർ കത്തെഴുതി. പ്രതിദിനം ഒരു ലക്ഷം ഡോസ് വാക്സിനാണ് ആവശ്യം. എന്നാൽ, നിലവിൽ വാക്സിൻ ലഭിക്കുന്നത് കുറവാണെന്ന് കത്തിൽ പറയുന്നു. രോഗവ്യാപനം തടയാൻ കൂടുതൽ വാക്സിൻ ഇറക്കുമതി ചെയ്യേണ്ടതുണ്ടെന്നും ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി ഓം പ്രകാശ് പറഞ്ഞു. മേയ് 18 വരെ ഉത്തരാഖണ്ഡ് ലോക്‌ഡൗണിലാണ്.

Content Highlights: COVID vaccine India