ന്യൂഡൽഹി: മനുഷ്യരിലെ മൂന്നാംഘട്ട പരീക്ഷണത്തിനുമുമ്പ് കോവാക്സിന്റെ സുരക്ഷയെയും പ്രതിരോധശേഷിയെയും കുറിച്ചുള്ള മുഴുവൻ വിവരങ്ങളും നൽകണമെന്ന് നിർമാതാക്കളായ ഭാരത് ബയോടെക്കിനോട് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ.) ആവശ്യപ്പെട്ടു. മറ്റു ചില കാര്യങ്ങളിൽ വ്യക്തത തേടിയിട്ടുമുണ്ട്.

ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിലുമായി സഹകരിച്ചാണ് ഹൈദരാബാദ് ആസ്ഥാനമായുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഭാരത് ബയോടെക് കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിൻ വികസിപ്പിക്കുന്നത്. മനുഷ്യരിലെ രണ്ടാംഘട്ട പരീക്ഷണത്തിനുശേഷം മൂന്നാംഘട്ടത്തിന് അനുമതിതേടി ഈമാസം രണ്ടിന് കമ്പനി ഡി.ജി.സി.ഐ.യെ സമീപിച്ചിരുന്നു. അപ്പോഴാണ് വിശദാംശങ്ങൾ ആവശ്യപ്പെട്ടത്.

പത്തു സംസ്ഥാനങ്ങളിലെ 19 പ്രദേശങ്ങളിലായി 18 വയസ്സിനുമുകളിലുള്ള 28,500 പേരിൽ മൂന്നാംഘട്ട പരീക്ഷണം നടത്താനാണ് കമ്പനി ഉദ്ദേശിക്കുന്നത്.

Content Highlights: COVID vaccine DCGI