ന്യൂഡൽഹി: കോവാക്‌സിൻ കുട്ടികളിൽ പരീക്ഷിക്കാൻ ഭാരത് ബയോടെക്കിന് കേന്ദ്രസർക്കാർ അനുമതിനൽകി. രണ്ടുമുതൽ 18 വരെ വയസ്സുള്ളവർക്കിടയിൽ നിശ്ചിത വ്യവസ്ഥകളോടെ പരീക്ഷണം നടത്താനാണ് സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷന്റെ വിഷയവിദഗ്ധസമിതി കമ്പനിക്ക് അനുവാദം നൽകിയത്.

രണ്ടും മൂന്നും ഘട്ടങ്ങളിലുള്ള ക്ലിനിക്കിൽ പരീക്ഷണമാണ് നടത്തുക. കുട്ടികൾക്കുള്ള കോവിഡ് വാക്‌സിന്റെ ആദ്യപരീക്ഷണമായി ഇതു മാറും. ഡൽഹിയിലെയും പട്‌നയിലെയും എയിംസ് ആശുപത്രികളുടെ സഹകരണത്തോടെ വിവിധ സ്ഥലങ്ങളിലായി 525 പേരിലാണ് പരീക്ഷണം നടത്തുക. കോവാക്‌സിൻ കുട്ടികളിൽ എന്തൊക്കെ പ്രതിഫലനങ്ങളാണ് സൃഷ്ടിക്കുക, സുരക്ഷ, പ്രതിരോധശേഷി തുടങ്ങിയവ പരിശോധിക്കും.

ഇന്ത്യയിൽ നിർമിച്ച ആദ്യ കോവിഡ് പ്രതിരോധ വാക്സിനാണ് കോവാക്സിൻ. നിലവിൽ അമേരിക്കയിലെ ഫൈസർ ബയോ എൻടെക് മാത്രമാണ് കുട്ടികൾക്ക് ഉപയോഗിക്കാൻ അനുമതി ലഭിച്ചിട്ടുള്ള കോവിഡ് വാക്‌സിൻ. അതാവട്ടെ 12-15 പ്രായക്കാർക്ക് ഉപയോഗിക്കാനേ അനുവാദമുള്ളൂ.

Content Highlights: COVID vaccine Children