ന്യൂഡൽഹി: മന്ദഗതിയിലുള്ള വാക്സിൻവിതരണവും സാർസ് കോവി-2 വൈറസിനുണ്ടായ ജനിതകമാറ്റവും രോഗപ്രതിരോധമാർഗങ്ങൾ സ്വീകരിക്കുന്നതിലെ അശ്രദ്ധയും രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കാൻ കാരണമായതായി ആരോഗ്യവിദഗ്ധർ.

വാക്സിനെടുത്തുകഴിഞ്ഞാലും ആളകലം പാലിക്കലും മാസ്ക് ധരിക്കലും കൈകഴുകലുംപോലുള്ള കാര്യങ്ങൾ നിർത്തരുതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിൽ വീഴ്ചവന്നെന്ന് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലെ വൈറോളജി പ്രൊഫസർ ടി. ജേക്കബ് ജോണും ഹരിയാണയിലെ അശോക സർവകലാശാലാ ത്രിവേദി സ്കൂൾ ഓഫ് ബയോസയൻസസിന്റെ ഡയറക്ടർ ഷാഹിദ് ജമീലും പറഞ്ഞു.

സർക്കാരാണ് പ്രതിരോധത്തിൽ ആദ്യം വിട്ടുവീഴ്ചചെയ്തത്. രാഷ്ട്രീയപ്പാർട്ടികളും മതസംഘങ്ങളും പൊതുജനവും അതു പിന്തുടർന്നു. ജീവനക്കാർക്കെല്ലാം വാക്സിൻ നൽകാതെ സ്കൂളും കോളേജും തുറന്നു. ഇതുകൊണ്ടുകൂടിയാണ് കോവിഡിന്റെ രണ്ടാംതരംഗമുണ്ടായത്. തിരഞ്ഞെടുപ്പുകാലമായതിനാൽ നേതാക്കൾ കർശനനിയന്ത്രണങ്ങൾ നടപ്പാക്കുന്നുമില്ല -ഡോ. ജോൺ പറഞ്ഞു.

ഇതുവരെ 0.7 ശതമാനം പേർക്കുമാത്രമാണ് ഇന്ത്യയിൽ വാക്സിന്റെ രണ്ടുഡോസും ലഭിച്ചത്. അഞ്ചുശതമാനത്തോളം പേർക്ക് ആദ്യ ഡോസും കിട്ടി. കോവിഡിനെ തടയുന്നതിൽ ഇത്‌ കാര്യമായ ചലനമുണ്ടാക്കില്ല. രണ്ടാംവരവിൽ യുവാക്കളെയും കോവിഡ് പിടികൂടിയേക്കാം. രോഗവ്യാപനം കൂടുതലുള്ള സംസ്ഥാനങ്ങളിൽ 18 വയസ്സുകഴിഞ്ഞ എല്ലാവർക്കും വാക്സിൻ നൽകണം. അല്ലാത്ത സംസ്ഥാനങ്ങളിൽ 45 കഴിഞ്ഞ എല്ലാവരും വാക്സിനെടുക്കണം. വാക്സിൻ വിതരണവും കുത്തിവെപ്പും സന്തുലനമായിപ്പോകണം -ജമീൽ പറഞ്ഞു.

കോവിഡിന്റെ രണ്ടാംവ്യാപനം ഏപ്രിൽ മധ്യത്തോടെ ഏറ്റവും ഉയർന്ന നിലയിലെത്തുെമന്ന് കാൺപുറിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ (ഐ.ഐ.ടി.) ഗവേഷകർ അടുത്തിടെ നടത്തിയ പഠനം തെളിയിക്കുന്നു. എന്നാൽ, മേയ് അവസാനത്തോടെ രോഗബാധയിൽ ഗണ്യമായ കുറവുണ്ടാകുമെന്നും പഠനം വ്യക്തമാക്കുന്നു.