ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാളിന് ഏറ്റവുമധികം ഡോസ് കോവിഡ് വാക്സിൻ നൽകി റെക്കോഡിട്ടു എന്ന കണക്ക് വ്യാജമാണെന്ന് റിപ്പോർട്ട്.

‘ദി കാരവൻ’ മാഗസിൻ ഉൾപ്പെടെയുള്ള പ്രസിദ്ധീകരണങ്ങളാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. പ്രധാനമന്ത്രിയുടെ ജന്മദിനമായിരുന്ന സെപ്റ്റംബർ 17-ന് രാജ്യത്ത് 2.5 കോടിയിലധികം വാക്സിൻ ഡോസുകൾ നൽകി റെക്കോഡ് സൃഷ്ടിച്ചെന്നാണ് കോവിൻ പോർട്ടലിലെ കണക്കുകൾ പറയുന്നത്.

ദിവസങ്ങൾക്കുമുമ്പ് വാക്സിൻ സ്വീകരിച്ചവരുടെ വിവരങ്ങൾ അതതുദിവസം കോവിൻ പോർട്ടലിൽ രേഖപ്പെടുത്താതെ 17-നാണ് രേഖപ്പെടുത്തിയതെന്ന് വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ളവർ സാക്ഷ്യപ്പെടുത്തിയതായി റിപ്പോർട്ടിൽ പറയുന്നു. വാക്സിന്റെ രണ്ടാംഡോസ് ലഭിക്കാതെതന്നെ വാക്സിനെടുത്തതായുള്ള സർട്ടിഫിക്കറ്റ് ലഭിച്ചവരുണ്ട്. ബിഹാറിൽ ഒട്ടേറെപ്പേർക്ക് സെപ്റ്റംബർ 15, 16 തീയതികളിൽ കുത്തിവെപ്പുലഭിച്ചു. എന്നാൽ, കോവിനിൽ വിവരങ്ങൾ രേഖപ്പെടുത്തിയത് 17-നാണ്. അതേസമയം, ഇതിനുശേഷമുള്ള ഏഴുദിവസങ്ങളിൽ പ്രതിദിനം നൽകിയ ശരാശരി ഡോസുകൾ 76 ലക്ഷമായി കുറഞ്ഞതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഗുജറാത്ത് സ്വദേശിയായ ഹുസൈൻ ബാജിക്ക് തന്റെ നാടായ ദാഹോഡിൽനിന്ന് 17-ന് വാക്സിൻ സ്വീകരിച്ചതായാണ് സർട്ടിഫിക്കറ്റ് ലഭിച്ചത്. അന്നേദിവസം താൻ വാക്സിൻ എടുത്തിട്ടില്ലെന്നുമാത്രമല്ല, രണ്ടാം ഡോസെടുത്തത് വഡോദരയിൽനിന്നാണെന്നും ഹുസൈൻ പറയുന്നു. ഒട്ടേറെപ്പേർക്ക് സമാന അനുഭവമുണ്ടായെന്നാണ് അദ്ദേഹം പറയുന്നത്.

ഗുജറാത്തിലെ കേശോഡ് സ്വദേശികളായ തുഷാർ വൈഷ്ണവിനും ഭാര്യക്കും സമാന അനുഭവമുണ്ടായി. 17-ന് രാത്രി എട്ടുമണിയോടെയാണ് ഇരുവർക്കും രണ്ടാമത്തെ ഡോസ് സ്വീകരിച്ചതായി സന്ദേശം ലഭിച്ചത്. ഇവരുടെ വീട്ടിൽനിന്ന് 25 കിലോമീറ്റർ അകലെ ഒരു വാക്സിനേഷൻ കേന്ദ്രമാണ് സർട്ടിഫിക്കറ്റ് നൽകിയത്. പിറ്റേദിവസം പരാതിയുമായി കേന്ദ്രത്തിലെത്തിയപ്പോൾ അതേ പരാതിയിൽ അഞ്ചുപേരെങ്കിലും കേന്ദ്രത്തിൽ ഉണ്ടായിരുന്നതായി ദമ്പതിമാർ പറയുന്നു. അവിടെയുണ്ടായിരുന്ന നഴ്സ് പരാതി കേൾക്കാൻ തയ്യാറായില്ലെന്നും ആധാർപോലും നോക്കാതെ രണ്ടാം ഡോസ് നൽകിയെന്നും റിപ്പോർട്ടിലുണ്ട്.