ന്യൂഡൽഹി: കോവിഡ്‌വ്യാപനം കൂടുതലുള്ള കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരെ നിരീക്ഷിക്കണമെന്ന് ഉത്തർപ്രദേശിലെ ഗൗതംബുദ്ധ് നഗർ ജില്ലാ ആരോഗ്യവകുപ്പിന്റെ നിർദേശം. ഡൽഹിയോടു ചേർന്നു കിടക്കുന്ന നോയിഡ, ഗ്രെയ്റ്റർ നോയിഡ എന്നീ പ്രദേശങ്ങളിലെ െറസിഡന്റ് വെൽഫെയർ അസോസിയേഷനുകൾക്ക് ഇക്കാര്യത്തിൽ കത്തയച്ചു.

മണിപ്പുർ, മേഘാലയ, ത്രിപുര, മിസോറം, നാഗാലാൻഡ്, അരുണാചൽപ്രദേശ്, സിക്കിം എന്നിവയും തീവ്രരോഗവ്യാപന സാധ്യതയുള്ള സംസ്ഥാനങ്ങളാണെന്ന് യു.പി. സർക്കാർ ഉത്തരവിൽ പറയുന്നു. ഇവിടങ്ങളിൽനിന്ന്‌ വിമാനമാർഗമോ തീവണ്ടികളിലോ വരുന്നവരെ നിരീക്ഷിക്കണം. രോഗലക്ഷണങ്ങൾ കണ്ടാൽ ചികിത്സ ഉറപ്പാക്കണം.

ഈ സംസ്ഥാനങ്ങളിൽ നിന്നുള്ളവരെത്തിയാൽ 9971208271 എന്ന വാട്‌സാപ്പ് നമ്പറിൽ ജില്ലാ നിരീക്ഷണ ഉദ്യോഗസ്ഥനെ വിവരമറിയിക്കാം. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരമൊരു മുൻകരുതലെന്നും ഉത്തരവിൽ പറയുന്നു.

ജില്ലാ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. സുനിൽ ശർമ പുറപ്പെടുവിച്ച ജാഗ്രതാനിർദേശം എല്ലാ റെസിഡന്റ് വെൽഫെയർ അസോസിയേഷനുകൾക്കും ഹൗസിങ് സൊസൈറ്റികൾക്കും കൈമാറിയിട്ടുണ്ട്.

Content Highlights: Covid: UP to observe Kerala