ന്യൂഡൽഹി: ശക്തമായ പ്രതിരോധ ഇടപെടലുകൾ നടത്തിയാലും കോവിഡ് മൂന്നാംതരംഗം ഒക്ടോബറിൽ പാരമ്യത്തിലെത്തിയേക്കാമെന്നും കുട്ടികളെ കൂടുതലായി ബാധിച്ചേക്കാമെന്നും മുന്നറിയിപ്പ്. ദേശീയ ദുരന്തനിവാരണ ഇൻസ്റ്റിറ്റ്യൂട്ടിന് (എൻ.ഐ.ഡി.എം.) കീഴിൽ രൂപവത്കരിച്ച വിദഗ്ധ സമിതി ഇതുസംബന്ധിച്ച റിപ്പോർട്ട് പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറി.

മൂന്നാംതരംഗം മുന്നിൽക്കണ്ട് കുട്ടികൾക്കായുള്ള ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കണം. കുട്ടികളുടെ ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ ഇപ്പോൾ കുറവാണ്. കുട്ടികൾക്കുള്ള ഡോക്ടർമാർ, ജീവനക്കാർ, വെന്റിലേറ്ററുകൾ, ആംബുലൻസുകൾ എന്നിവയെല്ലാം കൂടുതലായി ആവശ്യമായിവരും. മറ്റ്‌ രോഗങ്ങളുള്ളതും ഭിന്നശേഷിക്കാരുമായ കുട്ടികൾക്ക് വാക്സിനേഷനിൽ മുൻഗണന നൽകണമെന്നും റിപ്പോർട്ടിൽ പറയുന്നു.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ശിശുരോഗ വിദഗ്ധരുടെ കുറവ് 82 ശതമാനവും കമ്യൂണിറ്റി ആരോഗ്യ കേന്ദ്രങ്ങളിൽ 63 ശതമാനവുമാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുകയും ചികിത്സാ സൗകര്യങ്ങളും വാക്സിനേഷനും ഒരുക്കാതിരിക്കുകയും ചെയ്താൽ സ്ഥിതി ഗുരുതരമാകും.

കോവിഡ് രണ്ടാംതരംഗത്തിനിടെ ആശുപത്രിയിലായ കുട്ടികളിൽ 60 മുതൽ 70 ശതമാനം പേരും മറ്റ് അസുഖങ്ങൾ കൂടിയുള്ളവരായിരുന്നു. അവരുടെ കുറഞ്ഞ പ്രതിരോധശേഷിയായിരുന്നു കോവിഡ് ഗുരുതരമാകാൻ മുഖ്യകാരണമായത്. ചില കുട്ടികൾക്ക് ഒന്നിലേറെ അവയവങ്ങളെ ബാധിക്കുന്ന അസുഖങ്ങളും കോവിഡ് ഭേദമായ ശേഷമുണ്ടായി.

കോവിഡിന്റെ പെരുകൽ നിരക്ക് ജൂലായ് അവസാനവാരം 0.96 ആയിരുന്നത് ഒന്നിന് മുകളിലായി. കേരളത്തിൽ ഇത് 1.11 ആണ്. മൂന്നാംതരംഗം അടുത്തെത്തിയതിന്റെ സൂചനകളാണിതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.