ന്യൂഡൽഹി: രാജ്യത്ത് കോവിഡ് പരിശോധനയുടെ എണ്ണം വളരെക്കുറവാണെന്ന കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയുടെ ആരോപണം ഐ.സി.എം.ആർ. സീനിയർ സയന്റിസ്റ്റ് ഡോ. ആർ. ഗംഗാഖേദ്‌കർ തള്ളി.

ഇന്ത്യയിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചാൽ സമ്പർക്കം പുലർത്തുന്ന 24 പേരെ പരിശോധിക്കുന്നുണ്ട്. എന്നാൽ, ജപ്പാനിൽ 11.7 പേരെയും ഇറ്റലിയിൽ 6.7 പേരെയും യു.എസിൽ 5.3 പേരെയുമാണ് പരിശോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ഇതുവരെ 2,90,401 സാംപിളുകൾ പരിശോധിച്ചു. ബുധനാഴ്ച 30,043 സാംപിളുകളാണ് പരിശോധിച്ചത്. ഇതിൽ 3712 എണ്ണം സ്വകാര്യലാബുകളിലായിരുന്നു. ദിവസം 40,000-ലേറെ സാംപിളുകൾ പരിശോധിക്കാൻ ശേഷിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രതിരോധപ്രവർത്തനങ്ങൾക്കായി ചൈനയിൽനിന്ന് ലഭിച്ച ദ്രുതപരിശോധനാകിറ്റുകൾ രോഗനിർണയം മുൻകൂട്ടി നടത്താനല്ലെന്ന് ഗംഗാഖേദ്കർ പറഞ്ഞു. രാജ്യത്തെ തീവ്രവ്യാപനമേഖലകൾ കുറയുകയാണോ കൂടുകയാണോ എന്നുകണ്ടെത്താനാണ് ഉപയോഗിക്കുക. ദ്രുതപരിശോധനാകിറ്റ് ഉപയോഗിച്ചുള്ള ഫലം പോസിറ്റീവാണെങ്കിലും വ്യക്തിക്ക് അണുബാധയുണ്ടായിരിക്കണമെന്ന്‌ നിർബന്ധമില്ല. റാപ്പിഡ് ആന്റിബോഡി പരിശോധന നിരീക്ഷണത്തിനുള്ളതാണ്, രോഗനിർണയത്തിനുള്ളതല്ല -അദ്ദേഹം വ്യക്തമാക്കി.

Content Highlights: covid test done accordingly says ICMR