ന്യൂഡൽഹി: കോവിഡ്-19 നെതിരായ വാക്സിൻ ഇഷ്ടാനുസരണം എടുക്കേണ്ടതാണെന്നും ആരേയും അതിനു നിർബന്ധിക്കില്ലെന്നും ആരോഗ്യമന്ത്രാലയം. ഇന്ത്യയിൽ നടപ്പാക്കുന്ന വാക്സിൻ സുരക്ഷിതവും മറ്റുരാജ്യങ്ങൾ വികസിപ്പിച്ച വാക്സിനുകളെപ്പോലെ ഫലപ്രദവുമാണ്.

വാക്സിൻ അതിന്റെ മുഴുവൻ സമയക്രമവും പാലിച്ചുവേണം എടുക്കാൻ. നേരത്തേ കോവിഡ്-19 ബാധിച്ചവരാണെങ്കിലും വാക്സിൻ എടുക്കാം. രോഗത്തിനെതിരേ ശക്തമായ പ്രതിരോധശേഷി ഉണ്ടാവാൻ അത് സഹായിക്കും. വാക്സിന്റെ രണ്ടാം ഡോസ് എടുത്ത് രണ്ടാഴ്ച കഴിഞ്ഞേ രോഗം പ്രതിരോധിക്കാൻ വേണ്ടത്രയളവിലുള്ള ആന്റിബോഡി ശരീരത്തിലുണ്ടാവൂ എന്ന് ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി.

വാക്സിനുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനായി മന്ത്രാലയം ഒരുകൂട്ടം ചോദ്യോത്തരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആറു വാക്സിനുകളാണ് ഇന്ത്യയിൽ ക്ലിനിക്കൽ പരീക്ഷണത്തിലുള്ളതെന്ന് അതിൽ വിശദീകരിച്ചു. സുരക്ഷിതത്വവും ഫലപ്രാപ്തിയും വിലയിരുത്തിയും പാർശ്വഫലങ്ങളുണ്ടോ എന്ന് നോക്കിയുംമാത്രമേ ഇന്ത്യയിൽ ഈ വാക്സിനുകൾക്ക് അനുമതി നൽകൂ. മറ്റുള്ള വാക്സിനുകൾക്കെന്നപോലെ നേരിയ പനി, ശരീരത്തിൽ കുത്തിവെച്ച സ്ഥലത്ത് വേദന തുടങ്ങിയ പാർശ്വഫലങ്ങൾ കോവിഡ് വാക്സിനും ഉണ്ടാവും. പാർശ്വഫലങ്ങളുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിഷയങ്ങളുണ്ടായാൽ അത് കൈകാര്യം ചെയ്യുന്നതിനുള്ള ഒരുക്കങ്ങൾ നടത്തണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദേശം കൊടുത്തിട്ടുണ്ട്.

28 ദിവസങ്ങളുടെ ഇടവേളയിൽ രണ്ടുപ്രാവശ്യമായിട്ടാണ് കുത്തിവെപ്പ് നടത്തേണ്ടത്. പ്രമേഹം, അർബുദം, രക്തസമ്മർദം എന്നിവയിൽ ഒന്നോ അതിൽക്കൂടുതലോ രോഗമുള്ളവർ വാക്സിനേഷൻ നടത്തണം. ഇവരെ രോഗം വേഗം പിടികൂടാൻ സാധ്യതയുള്ള ‘ഹൈ റിസ്ക്’ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. വാക്സിൻ ലഭിക്കാൻ രജിസ്‌ട്രേഷൻ നിർബന്ധമാണ്. രജിസ്റ്റർ ചെയ്താലേ കുത്തിവെപ്പിനുപോകേണ്ട സ്ഥലം, സമയം തുടങ്ങിയവ അറിയിക്കൂ.

contet highlights: Covid Shot Voluntary, Says Government