ന്യൂഡൽഹി: കോവിഡിനെതിരായ രണ്ടാംയുദ്ധം ആരംഭിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് പ്രതിരോധം ഊർജിതമാക്കാനായി ആരംഭിച്ച നാലുദിവസത്തെ വാക്സിനേഷൻ പരിപാടിയായ ‘വാക്സിൻ ഉത്സവ’ത്തിന്റെ ഭാഗമായുള്ള പ്രസ്താവനയിലാണ് പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞത്. സാമൂഹിക പരിഷ്കർത്താവായ ജ്യോതിറാവു ഫുലെയുടെ ജന്മവാർഷികദിവസമായ ഞായറാഴ്ച ആരംഭിച്ച് ഭരണഘടനാ ശില്പി ഡോ. ബി.ആർ. അംബേദ്കറുടെ ജന്മവാർഷികദിനമായ ബുധനാഴ്ച അവസാനിക്കുന്ന നിലയിലാണ് വാക്സിൻ ഉത്സവം ആവിഷ്കരിച്ചിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ നിർദേശങ്ങൾ

* കോവിഡിനെ നേരിടാൻ വ്യക്തിശുചിത്വവും സാമൂഹിക അകലവും പാലിക്കണം.

* പ്രായപൂർത്തിയായവരെയും വിദ്യാഭ്യാസമില്ലാത്തവരെയും വാക്സിനെടുക്കാൻ സഹായിക്കണം.

* ഓരോരുത്തരും ഒരാൾക്ക് വാക്സിൻ ലഭ്യമാക്കുന്നതിനും പരിപാലിക്കുന്നതിനും രക്ഷിക്കുന്നതിനും ശ്രമിക്കണം. വാക്സിനെക്കുറിച്ച് അറിവില്ലാത്തവരെ സഹായിക്കണം.

*ആർക്കെങ്കിലും രോഗബാധയുണ്ടായാൽ അവിടം മൈക്രോ കണ്ടെയ്ൻമെന്റ് സോണാക്കാൻ കുടുംബാംഗങ്ങളും സമൂഹവും നടപടിയെടുക്കണം

വീട്ടിൽനിന്ന് അനാവശ്യമായി പുറത്തിറങ്ങാതിരിക്കുന്നതിലും ആവശ്യക്കാർക്ക് മരുന്ന് ലഭ്യമാക്കുന്നതിലും മാസ്ക് ധരിക്കുന്നതിലും കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിലുമാണ് നമ്മുടെ വിജയം അടങ്ങിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.