ന്യൂഡൽഹി: വാക്സിൻവഴിയോ രോഗംവന്നതുമൂലമോ കോവിഡിനെതിരേ പ്രതിരോധശേഷി കൈവരിച്ചവർ ഏറ്റവും കുറവ് കേരളത്തിൽ.

സംസ്ഥാനത്ത് 44.4 ശതമാനമാണ് ‘സിറോ പോസിറ്റീവ്’ ആയവർ. 21 സംസ്ഥാനങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് നടത്തിയ സർവേയിലാണ് ഇക്കാര്യം തെളിഞ്ഞത്. ദേശീയതലത്തിൽ നടത്തിയ സർവേയുടെ തുടർച്ചയായി എല്ലാസംസ്ഥാനങ്ങളും ഐ.സി.എം.ആറുമായി ആലോചിച്ച് ജില്ലാതലസർവേകൾ നടത്തണമെന്ന് ആരോഗ്യമന്ത്രാലയം നിർദേശിച്ചു. ദേശീയതലത്തിൽ 67.6 ശതമാനം പേരിൽ കോവിഡ്-19 ന്റെ ആന്റിബോഡി ഉള്ളതായി കഴിഞ്ഞയാഴ്ച ഐ.സി.എം.ആർ. വെളിപ്പെടുത്തിയിരുന്നു.

പട്ടികയിൽ ഒന്നാമതുള്ള മധ്യപ്രദേശിൽ 79 ശതമാനം പേർ സിറോ പോസിറ്റീവാണ്. രാജസ്ഥാൻ-76.2, ബിഹാർ-75.9, ഗുജറാത്ത്-75.3, ഛത്തീസ്ഗഢ്‌-74.6, ഉത്തരാഖണ്ഡ്-73.1, ഉത്തർപ്രദേശ്-71, ആന്ധ്രപ്രദേശ്-70.2, കർണാടക-69.8, തമിഴ്‌നാട്-69.2, ഒഡിഷ-68.1, പഞ്ചാബ്-66.5, തെലങ്കാന-63.1, ജമ്മുകശ്മീർ-63, ഹിമാചൽപ്രദേശ്-62, ജാർഖണ്ഡ്-61.2, പശ്ചിമബംഗാൾ-60.9, ഹരിയാണ-60.1, മഹാരാഷ്ട്ര-58, അസം-50.3, കേരളം-44.4 എന്നിങ്ങനെയാണ് മറ്റുസംസ്ഥാനങ്ങളിലെ കണക്ക്.