ന്യൂഡൽഹി: രാജ്യത്ത് കോവിഡ്-19 വീണ്ടും കൂടുന്ന പശ്ചാത്തലത്തിൽ ജാഗ്രത പുലർത്തുകയും മാനദണ്ഡങ്ങൾ കർശനമായി പാലിക്കുകയും ചെയ്യണമെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ എട്ട് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായി ചർച്ചനടത്തി സ്ഥിതിഗതികൾ വിലയിരുത്തി.

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാൽ നടപടിയെടുക്കുകയും രോഗം പകരാൻ സാധ്യതയുള്ള വലിയ പരിപാടികൾ നിരീക്ഷിക്കുകയും വേണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. കൂടുതൽ പരിശോധന, പോസിറ്റീവ് കേസുകൾ വേഗംതന്നെ മാറ്റിനിർത്തൽ, ക്വാറന്റീൻ എന്നിവ ഫലപ്രദമാക്കണം. തെലങ്കാന, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്‌, മധ്യപ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, ജമ്മു-കശ്മീർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായാണ് കാബിനറ്റ് സെക്രട്ടറി ശനിയാഴ്ച ചർച്ച നടത്തിയത്. ഒരാഴ്ചയായി ഈ സംസ്ഥാനങ്ങളിൽ രോഗം കൂടുകയാണ്. മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, കർണാടക, തമിഴ്‌നാട്, ഗുജറാത്ത് എന്നിവിടങ്ങളിലും കഴിഞ്ഞദിവസം രോഗികളുടെ എണ്ണത്തിൽ വർധനയുണ്ടായി.

പരിശോധന കുറഞ്ഞ ജില്ലകളിൽ കൂടുതൽ പരിശോധനകൾ നടത്തണം. രോഗസ്ഥിരീകരണം കൂടുതലുള്ള ജില്ലകളിൽ വാക്സിൻ കുത്തിവെപ്പിന് മുൻഗണന നൽകണം. വൈറസിന്റെ വകഭേദങ്ങളെ നിരീക്ഷിക്കുകയും കേസുകളുടെ ക്ലസ്റ്ററുകൾ രൂപപ്പെടുന്നത് മുൻകൂട്ടി തടയുകയും വേണമെന്ന് കാബിനറ്റ് സെക്രട്ടറി നിർദേശിച്ചു.

നിരീക്ഷണം, കൺടെയിൻമെന്റ് തുടങ്ങിയവയുമായി ബന്ധപ്പെട്ട കോവിഡ് മാനദണ്ഡങ്ങൾ മാർച്ച് 31-വരെ നീട്ടിക്കൊണ്ട് ആഭ്യന്തരമന്ത്രാലയം കഴിഞ്ഞദിവസം ഉത്തരവിറക്കിയിരുന്നു. മഹാമാരിയെ പൂർണമായും വരുതിയിലാക്കുന്നതുവരെ മാനദണ്ഡങ്ങൾ പാലിക്കുകയും ജാഗ്രത പുലർത്തുകയും വേണമെന്ന് ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.