അഹമ്മദാബാദ്: കോവിഡ് കേസുകൾ കുതിച്ചുയർന്നതോടെ ഗുജറാത്ത് കേന്ദ്രസഹായം തേടി. കൂടുതൽ കിടക്കകളൊരുക്കാനും വെന്റിലേറ്ററുകൾക്കുമാണ് സഹായം ആവശ്യപ്പെട്ടത്. മരണം കൂടിയതോടെ നഗരങ്ങളിൽ ശ്മശാനങ്ങൾ ദിവസംമുഴുവൻ പ്രവർത്തിക്കുകയാണ്.

അഹമ്മദാബാദിൽ ജി.എം.ഡി.സി. കൺവെൻഷൻ സെന്ററിൽ 900 കിടക്കകളുടെ താത്കാലിക ആശുപത്രി പണിയാൻ ഡി.ആർ.ഡി.ഒ.യുടെ വൈദഗ്ധ്യം വിട്ടുനൽകാനാണ് മുഖ്യമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. നഗരത്തിലെ സിവിൽ ആശുപത്രി കോവിഡ് രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കയാണ്. ഒരുമണിക്കൂറിൽ 45 ആംബുലൻസുകളാണ് ഗുരുതരാവസ്ഥയിലുള്ളവരുമായി കഴിഞ്ഞ രാത്രിയിൽ ഇവിടെ കാത്തുകിടന്നത്. താത്കാലിക കോവിഡ് കെയർ സെന്ററുകളൊക്കെ വർഷാദ്യം കോർപ്പറേഷൻ നിർത്തിയിരുന്നു. പെട്ടെന്നുള്ള രോഗവ്യാപനം നേരിടാൻ ഭരണകൂടം പാടുപെടുകയാണ്. ആയിരം വെന്റിലേറ്ററുകൾകൂടി അടിയന്തരമായി നൽകാനും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഓക്സിജൻ ബെഡ് സംവിധാനം ആവശ്യത്തിനില്ലാത്തത് രോഗികളുടെ മരണത്തിന് കാരണമാകുന്നുണ്ട്.

സൂറത്തിലെ രണ്ടുശ്മശാനങ്ങൾ ഒരാഴ്ചയായി മുഴുവൻ സമയവും പ്രവർത്തിപ്പിക്കുന്നതിനാൽ വാതകഫർണസുകളുടെ ലോഹചട്ടക്കൂടുകൾ ഉരുകുന്നതായി നടത്തിപ്പുകാർ അറിയിച്ചു. കുരുക്ഷേത്ര ശ്മശാനത്തിൽ ആറുഫർണസുകളാണുള്ളത്. ദിവസം 20 ശരീരങ്ങളുടെ സ്ഥാനത്ത് നൂറെണ്ണമാണ് ഇപ്പോൾ വരുന്നത്. അശ്വിനികുമാർ ക്രിമറ്റോറിയത്തിലും മൂന്നിരട്ടിയോളം ജഡങ്ങൾ സംസ്കാരത്തിനായി ദിവസവും എത്തിക്കുന്നു. ഫർണസുകൾ അറ്റകുറ്റപ്പണി നടത്താനുള്ള സമയം ലഭിക്കുന്നില്ല.