അഹമ്മദാബാദ്: സ്വന്തം മണ്ഡലത്തിൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കാൻ ധനശേഖരണം നടത്തിയ ദളിത് നേതാവും വഡ്ഗാം എം.എൽ.എ.യുമായ ജിഗ്നേഷ് മേവാനിയുടെ അക്കൗണ്ട് മരവിപ്പിച്ചു. ധനശേഖരണം നടത്തിയ ട്രസ്റ്റിന്റെ മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചാരിറ്റി കമ്മിഷണറുടെ ഈ നടപടി.

മണ്ഡലത്തിൽ ഓക്സിജൻ സൗകര്യമുള്ള കിടക്കകളുള്ള ആശുപത്രികൾ ആവശ്യത്തിനില്ലെന്നും വെന്റിലേറ്റർ സൗകര്യമുള്ളവ സർക്കാർ, സ്വകാര്യ മേഖലകളിലില്ലെന്നും മേവാനി പരാതിപ്പെട്ടിരുന്നു. അധികൃതർക്കു മുന്നിൽ ധർണയിരിക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോഴാണ് കളക്ടർ ഇടപെട്ട് ഏതാനും ഓക്സിജൻ സൗകര്യമുള്ള കിടക്കകൾ ലഭ്യമാക്കിയത്.

എം.എൽ.എ. ഫണ്ട് കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കാനുള്ള അനുമതിക്കായി മേവാനി ഹൈക്കോടതിയെയും സമീപിച്ചു. പിന്നീട് ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കാൻ ‘വി ദ പീപ്പിൾ ട്രസ്റ്റ്’ എന്ന സംഘടനയുടെ നേതൃത്വത്തിൽ ധനസമാഹരണം തുടങ്ങി. ഇതിനാണ് ഇപ്പോൾ വിലക്കുവന്നത്. പണം ശേഖരിക്കാൻ ട്രസ്റ്റ് മേവാനിയെ ചുമതലപ്പെടുത്തിയോയെന്ന് വ്യക്തമായ മറുപടി ലഭിച്ചില്ലെന്ന് ചാരിറ്റി കമ്മിഷണർ പറയുന്നു.

മേവാനിയുടെ മണ്ഡലത്തിൽ കോവിഡ് വിദഗ്ധ ചികിത്സയ്ക്കായി രോഗികൾ ജില്ലാ ആസ്ഥാനമായ പാലൻപുരിലേക്കാണ് പോകുന്നത്. തിരക്കുകാരണം അവിടെയും കൂടുതൽ പേരെ പ്രവേശിപ്പിക്കാനാവുന്നില്ല. 60 ലക്ഷം രൂപ സ്വരൂപിക്കാനായാണ് ധനശേഖരണം ആരംഭിച്ചത്.

content highlights: covid fund raising: jignesh mevani's account freezed