ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മരണസംഖ്യ ഉയരുന്നു. ഞായറാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിൽ 3689 പേരാണ് മരിച്ചത്. ഇതുവരെയുള്ളതിൽെവച്ച് ഏറ്റവും ഉയർന്ന പ്രതിദിന മരണസംഖ്യയാണിത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,15,542 ആയി .

3,92,488 പേർക്ക് പുതുതായി രോഗം ബാധിച്ചു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. കേരളം, കർണാടകം, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ സ്ഥിതി രൂക്ഷമാണ്.

18-44 വയസ്സിനിടയിലുള്ളവർക്കായുള്ള മൂന്നാംഘട്ട വാക്സിനേഷൻ ഞായറാഴ്ച തുടങ്ങിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 20-ഓളം സംസ്ഥാനങ്ങൾ വാക്സിൻ കൈവശമുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. 18-45 വയസ്സിനിടയിലുള്ള 84,599 പേർ വാക്സിൻ സ്വീകരിച്ചു. ഇതുവരെ 15.66 കോടി പേർക്കാണ് വാക്സിൻ നൽകിയത്. ശനിയാഴ്ച ആരംഭിച്ച മൂന്നാംഘട്ടത്തിൽ വൈകുന്നേരം എട്ടുവരെ 16,48,192 ഡോസ് വാക്സിനാണ് നൽകിയത്. ഇതിൽ 9,89,700 പേർ ആദ്യഡോസും 6.58 ലക്ഷം പേർ രണ്ടാംഡോസും എടുത്തു.45-60 വയസ്സിനിടയിലുള്ള 5.33 കോടി പേർക്ക് ആദ്യഡോസും 40 ലക്ഷത്തിലധികം പേർക്ക് രണ്ടാംഡോസും നൽകി. മന്ത്രാലയം വ്യക്തമാക്കി.

ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്റെ പിതാവ് കോവിഡ് ബാധിച്ച്‌ മരിച്ചു. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് ട്വിറ്റർ വഴി വിവരമറിയിച്ചത്.