അഹമ്മദാബാദ്: രാജ്യത്ത് 2500-ലേറെ കോവിഡ് മരണമുള്ള ജില്ലകളിൽ ഉയർന്ന മരണനിരക്ക് ഗുജറാത്തിലെ അഹമ്മദാബാദിൽ. അത്യാസന്നനിലയിലുള്ള രോഗികൾ ചികിത്സകിട്ടാതെ കഷ്ടപ്പെടുന്ന നഗരത്തിൽ ഒരു മാസത്തിനിടെ 15 മലയാളികളും മരിച്ചു.

2568 പേർ മരിച്ച അഹമ്മദാബാദിൽ 2.7 ശതമാനമാണ് മരണനിരക്ക്. 12,250 പേർ മരിച്ച മുംബൈയിൽ 2.2 ശതമാനവും 11,793 പേർ മരിച്ച ഡൽഹിയിൽ 1.5 ശതമാനവുമാണ് മരണനിരക്ക്. രണ്ടാഴ്ചയിൽ 180 പേർ അഹമ്മദാബാദ് നഗരത്തിൽ മാത്രം മരിച്ചു. ഥൽതേജിൽ കോഴിക്കോട് ജില്ലക്കാരായ ദമ്പതിമാർ മരിച്ച വീട്ടിലെ ഒരംഗംകൂടി ശനിയാഴ്ച കോവിഡിന് കീഴടങ്ങി. കോഴിക്കോട് വിലങ്ങാട് കരീക്കുന്നേൽ തോമസ്‌കുട്ടിയുടെ ഭാര്യയും ഗുജറാത്ത് ഹൈക്കോടതി ജീനക്കാരിയുമായ സ്മിതയാണ് (43) മരിച്ചത്. തോമസ്‌കുട്ടിയുടെ മാതാപിതാക്കൾ കഴിഞ്ഞ ദിവസങ്ങളിൽ മരിച്ചിരുന്നു.

നഗരത്തിൽ കോവിഡ് ചികിത്സയുള്ള 157 സ്വകാര്യ ആശുപത്രികളിൽ ആകെയുള്ള 1300 ഐ.സി.യു. കിടക്കകളും നിറഞ്ഞു. സാധാരണ കിടക്കകളിൽതന്നെ നാലുശതമാനമേ ഒഴിവുള്ളൂ. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇടപെട്ട് ഓക്‌സിജൻ സൗകര്യമുള്ള 900 കിടക്കകളുള്ള താത്‌കാലിക ആശുപത്രി ഒരുക്കുകയാണ്. ഇവിടേക്ക് കേന്ദ്ര സായുധ പോലീസ് സേനയിൽനിന്ന് 25 ഡോക്ടർമാരെയും 75 പാരാമെഡിക്കൽ ജീവനക്കാരെയും അനുവദിച്ചു. ആശുപത്രിയിൽ കിടക്കകൾ കുറവാണെന്ന് അംഗീകരിച്ച മുഖ്യമന്ത്രി വിജയ് രൂപാണി സംസ്ഥാനത്ത് 15 ദിവസത്തിനകം 10,000 കിടക്കകൾകൂടി ലഭ്യമാക്കുമെന്ന് അറിയിച്ചു.

സംസ്ഥാനത്തെ കോവിഡ് മരണങ്ങളുടെയും ഇതരരോഗങ്ങൾമൂലം മരിക്കുന്ന കോവിഡ് രോഗികളുടെയും കൃത്യമായ കണക്കുകൾ അറിയിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ആശുപത്രികളിലെ കിടക്കകളുടെ വിവരങ്ങൾ ഓൺലൈനായി അറിയിക്കുന്ന പോർട്ടൽ ആരംഭിക്കാനും നിർദേശിച്ചു. മരുന്നിന്റെയും ഓക്‌സിജന്റെയും ലഭ്യത സംബന്ധിച്ചും രോഗികളുടെ ബന്ധുക്കൾക്ക് കൃത്യമായ വിവരം നൽകാനും ഉത്തരവിട്ടു. വ്യാവസായിക ആവശ്യങ്ങൾക്കുള്ള ഓക്‌സിജന്റെ ഉപയോഗം മുഴുവൻ നിയന്ത്രിച്ചിരിക്കുകയാണ്.