ന്യൂഡൽഹി: വലിയ അളവിൽ വാങ്ങുന്നതുകൊണ്ടാണ് കുറഞ്ഞ വിലയ്ക്ക് തങ്ങൾക്ക് വാക്സിൻ ലഭ്യമാവുന്നതെന്നാണ് കേന്ദ്രം പറയുന്നതെന്ന് കോവിഡ് വാക്സിൻ നയത്തെ ചോദ്യംചെയ്തുകൊണ്ട് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. കുറഞ്ഞ വിലയ്ക്ക് കേന്ദ്രത്തിന് വാക്സിൻ ലഭിക്കാൻ കാരണം ഇക്കാര്യത്തിൽ സർക്കാരിനുള്ള കുത്തകയാണെങ്കിൽ അത് ഭരണഘടനയിൽ പറയുന്ന തുല്യതയ്ക്ക് എതിരാണോയെന്ന് കോടതിക്ക് പരിശോധിക്കേണ്ടിവരും. സംസ്ഥാന സർക്കാരുകൾക്ക് വലിയ സാമ്പത്തികബാധ്യതയുണ്ടാക്കുന്നതാണ് കേന്ദ്രത്തിന്റെ വാക്സിൻ നയമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

സർക്കാരിനോടുള്ള സുപ്രീംകോടതിയുടെ ചോദ്യങ്ങൾ

* ഭാരത് ബയോടെക്കിന് 35 കോടി രൂപയും സിറം ഇൻസ്റ്റിറ്റ്യൂട്ടിന് 11 കോടി രൂപയും സർക്കാർ നൽകിയതിനാൽ സ്വകാര്യ കമ്പനികൾ ഒറ്റയ്ക്കാണ് ബാധ്യതകൾ ഏറ്റെടുത്തതെന്ന് പറയാനാകുമോ?

* വാക്സിനുകളുടെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയതുവഴി അവരുടെ നഷ്ടസാധ്യത സർക്കാർ കുറച്ചത് വിലനിർണയത്തിൽ പ്രതിഫലിക്കേണ്ടതല്ലേ?

* സ്വകാര്യ കമ്പനികൾക്കൊപ്പം കേന്ദ്ര സർക്കാരും പണം മുടക്കിയതിനാൽ വാക്സിന് വിലപരിധി നിശ്ചയിക്കാത്തതിന്റെ ന്യായീകരണമെന്ത്?

* ഇന്ത്യൻ വാക്സിനുകൾക്ക് ഇവിടേയും വിദേശത്തുമുള്ള വില വ്യത്യാസം എത്ര?

* സംസ്ഥാന സർക്കാരുകൾക്കും തദ്ദേശ ഭരണകൂടങ്ങൾക്കും വ്യക്തികൾക്കും വിദേശ കമ്പനികളിൽനിന്ന് വാക്സിൻ വാങ്ങാമോ?

* പതിനെട്ടിനും 44-നും ഇടയിലുള്ളവർക്കായി സംസ്ഥാനങ്ങൾ ഉയർന്ന വിലയ്ക്ക് സംഭരിച്ച വാക്സിനുകൾ 45-ന് മുകളിലുള്ളവർക്ക് മറിച്ചുനൽകുന്നതിനാൽ തുടർന്ന് ഈ വിഷയം എങ്ങനെ കൈകാര്യം ചെയ്യും?

* സ്വകാര്യ ആശുപത്രികൾക്കുള്ള വാക്സിൻ വിതരണം കേന്ദ്രസർക്കാർ എങ്ങനെയാണ് നിരീക്ഷിക്കുക?

* സ്വകാര്യാശുപത്രികളുടെ വാക്സിൻ വിതരണം സംബന്ധിച്ച സർക്കാർ നയമെന്ത്?

* കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ വാക്സിനുകളുടെ കോൾഡ് സ്റ്റോറേജ് സൗകര്യങ്ങൾ എങ്ങനെയാണ് പങ്കിടുന്നത്?

* കോവാക്സിൻ, കോവിഷീൽഡ്, സ്പുട്‌നിക് തുടങ്ങിയ വാക്സിനുകൾ ഇതുവരെ എത്രത്തോളം സംഭരിച്ചു?

Content Highlights: COVID 19 vaccine SC