ന്യൂഡൽഹി: വിദേശ കോവിഡ് വാക്സിൻ നിർമാതാക്കളായ ഫൈസർ ഉൾപ്പെടെയുള്ള കമ്പനികൾക്ക് നിയമപരമായ സംരക്ഷണം നൽകുന്ന നടപടി പുരോഗമിക്കുന്നതായി കേന്ദ്ര സർക്കാർ അറിയിച്ചു. ഫൈസർ, മോഡേണ, ജോൺസൺ ആൻഡ് ജോൺസൺ എന്നിവരുടെ വാക്സിൻ ഉപയോഗിക്കാൻ കേന്ദ്രസർക്കാർ നേരത്തേ സന്നദ്ധത അറിയിച്ചിരുന്നു. പക്ഷേ, ഇവരുമായി ഇതുവരേയും കരാറിലെത്താൻ സർക്കാരിന് കഴിഞ്ഞിട്ടില്ല.

വാക്സിൻ ഉപയോഗത്തെത്തുടർന്ന് ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ നേരിടേണ്ടിവരുന്ന നിയമനടപടികളിൽനിന്ന് സംരക്ഷണം ആവശ്യപ്പെട്ടുള്ള വ്യവസ്ഥ അംഗീകരിക്കാത്തതായിരുന്നു ഇതിനുള്ള പ്രധാന കാരണം. സർക്കാർ തീരുമാനം പുനഃപരിശോധിച്ചതോടെ വിദേശ വാക്സിനുകൾ ഇന്ത്യയിലെത്തുമെന്ന് ഉറപ്പായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതേക്കുറിച്ച് പ്രതികരിക്കാൻ ഫൈസർ ഇതുവരെ തയ്യാറായിട്ടില്ല.

Content Highlights: COVID 19 vaccine India