ന്യൂഡൽഹി: രാജ്യത്ത് 18-44 വയസ്സിനിടയിലുള്ളവർക്ക് കോവിഡ് പ്രതിരോധവാക്സിൻ നൽകുന്നതിന് മുൻകൂർ രജിസ്ട്രേഷൻ കേന്ദ്രസർക്കാർ നിർബന്ധമാക്കി. രജിസ്ട്രേഷൻ ഈ മാസം 28-ന് ആരംഭിക്കും. കോവിൻ (www.cowin.gov.in) പോർട്ടലിലും ആരോഗ്യസേതു ആപ്പ് വഴിയും രജിസ്റ്റർ ചെയ്യാം. മേയ് ഒന്ന് മുതലാണ് വാക്സിൻ വിതരണം ആരംഭിക്കുന്നത്.

വാക്സിൻ കേന്ദ്രങ്ങളിലെ തിരക്കൊഴിവാക്കുന്നതിനാണ് രജിസ്ട്രേഷൻ ഏർപ്പെടുത്തിയതെന്നും നേരിട്ടെത്തുന്നവർക്ക് വാക്സിൻ ലഭിക്കില്ലെന്നും അധികൃതർ അറിയിച്ചു. അതേസമയം, 45 വയസ്സിനു മുകളിലുള്ളവർക്ക് വാക്സിൻ വിതരണ കേന്ദ്രങ്ങളിലെത്തി രജിസ്റ്റർ ചെയ്താലും സൗജന്യ വാക്സിൻ ലഭിക്കും.

മേയ് ഒന്നിനുശേഷം സ്വകാര്യ ആശുപത്രികളിലേക്ക് ഇപ്പഴത്തെപ്പോലെ കേന്ദ്രവിഹിതമായി വാക്സിൻ ഡോസ് ലഭിക്കില്ല. അതിനാൽ ഇപ്പോഴത്തെ 250 രൂപ നിരക്കിൽ വാക്സിൻ ലഭിക്കില്ല. സ്വകാര്യ ആശുപത്രികൾക്കും സംസ്ഥാന സർക്കാരിനും വാക്സിൻ വാങ്ങാൻ അനുമതി നൽകിയതിനാൽ മേയ് ഒന്നിന് മുമ്പ് വാക്സിൻ നിർമാതാക്കളുമായി ധാരണയിലെത്തി ഈടാക്കേണ്ട നിരക്ക് തീരുമാനിക്കാമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

വാക്സിൻ വിതരണ നയം ഉദാരവത്‌കരിച്ചെങ്കിലും വാക്സിനുകൾ മരുന്നുകടകളിൽ വിൽക്കുമെന്ന് അർഥമാക്കുന്നില്ലെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. സ്വകാര്യ ആശുപത്രികൾ വാക്സിന് ഈടാക്കുന്ന വില നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: COVID 19 vaccine India