ന്യൂഡൽഹി: ‘‘സംസ്ഥാനങ്ങൾക്ക്‌ കേന്ദ്രം വാക്സിൻ വിഹിതം നൽകുന്ന സമ്പ്രദായം തുടരുമെന്ന് ആരോഗ്യമന്ത്രാലയം ബുധനാഴ്ച വ്യക്തമാക്കി. വാക്സിന്റെ ഉപയോഗം, രോഗവ്യാപനം, വാക്സിൻ പാഴാക്കൽ എന്നിവ പരിശോധിച്ച് രണ്ടാഴ്ചയ്ക്കിടെ ക്വാട്ട അനുവദിക്കും. ഈ ക്വാട്ടയിൽനിന്ന് സ്വകാര്യ ആശുപത്രികൾക്ക് വാക്സിൻ നൽകാനാവില്ല. മുൻഗണനാ വിഭാഗക്കാരായ എല്ലാവർക്കും കൃത്യമായി രണ്ടാമത്തെ ഡോസ് നൽകണം.

വാക്സിൻ കമ്പനികൾ ഒരുമാസത്തെ ഉത്പാദനത്തിന്റെ പകുതി കേന്ദ്രത്തിന് നൽകണമെന്ന നിർദേശത്തിലും മാറ്റമില്ല. ഭാവിയിൽ നിലവിൽവരുന്ന വാക്സിനുകളുടെ കാര്യത്തിലും 50 ശതമാനം കേന്ദ്രത്തിന് നൽകണം. ബാക്കി പകുതിയിൽനിന്നാണ് സംസ്ഥാന സർക്കാരുകൾക്കും സ്വകാര്യ ആശുപത്രികൾ, വ്യവസായ സ്ഥാപനങ്ങൾ എന്നിവയ്ക്ക് വിൽക്കേണ്ടത്.

കോവിൻ പോർട്ടലിൽ രജിസ്റ്റർചെയ്യുന്നവർക്കും നേരിട്ടെത്തി രജിസ്റ്റർ ചെയ്യുന്നവർക്കും മാത്രമേ സ്വകാര്യ ആശുപത്രികളിൽനിന്നും സർക്കാർ കേന്ദ്രങ്ങളിൽനിന്നും വാക്സിൻ ലഭിക്കൂ. 18-ന് മുകളിലുള്ളവർക്കും ഇത് ബാധകമാണ്. പ്രതിരോധ കുത്തിവെപ്പുമായി ബന്ധപ്പെട്ട ദേശീയമാനദണ്ഡങ്ങൾ എല്ലാവർക്കും ബാധകമാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

Content Highlights: COVID 19 vaccine India