ന്യൂഡൽഹി: വാക്‌സിൻ വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നതും ഇന്ത്യക്കാർക്ക് വാക്‌സിൻ ലഭിക്കുന്നതിനുമുമ്പ് അത് കയറ്റി അയക്കുന്നതും ചോദ്യംചെയത് ഡൽഹി ഹൈക്കോടതി. ജസ്റ്റിസുമാരായ വിപിൻ സാംഗി, രേഖാ പള്ളി എന്നിവരാണ് ഇതുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹർജിയിൽ വ്യാഴാഴ്ച വാദം കേട്ടത്.

വാക്‌സിൻ ലഭിക്കുന്നതിന് നിലവിൽ നിയന്ത്രണം കൊണ്ടുവന്നതിന്റെ യുക്തി എന്താണെന്ന് വിശദീകരിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി കേന്ദ്രത്തിന് നിർദേശം നൽകി. കേസ് മാർച്ച് പത്തിന് വീണ്ടും പരിഗണിക്കും.

60 വയസ്സിനു മുകളിലുള്ളവർക്കും നിശ്ചിത രോഗങ്ങളുള്ള 45 വയസ്സിന് മുകളിലുള്ളവർക്കുമാണ് രണ്ടാംഘട്ടത്തിൽ വാക്സിൻ നൽകുന്നത്. ഇങ്ങനെ കൃത്യമായ നിയന്ത്രണം എന്തടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചു.

വാക്സിൻ ഉത്പാദിപ്പിക്കുന്നതിനുള്ള ശേഷി ഇപ്പോൾ മുഴുവനായി ഉപയോഗിക്കുന്നില്ലെന്നു വേണം അനുമാനിക്കാൻ. നമ്മുടെ രാജ്യക്കാർക്ക് നൽകാതെ ഒന്നുകിൽ വാക്സിൻ വിദേശ രാജ്യങ്ങൾക്ക് വിൽക്കുകയോ അല്ലെങ്കിൽ സംഭാവന കൊടുക്കുകയോ ആണ് -കോടതി അഭിപ്രായപ്പെട്ടു.

ഓരോ ദിവസവും ആഴ്ചയിലും മാസത്തിലും എത്രമാത്രം വാക്സിൻ നിർമിക്കാം എന്നത് വ്യക്തമാക്കിക്കൊണ്ട് സമഗ്രമായ സത്യവാങ്മൂലം സമർപ്പിക്കാൻ സിറം ഇൻസ്റ്റിറ്റ്യൂട്ടിനും ഭാരത് ബയോടെകിനും കോടതി നിർദേശം നൽകി. ഉത്പാദനം കൂട്ടാനാവുമോ എന്ന് വ്യക്തമാക്കണം. വാക്സിൻ വിവിധ ഭാഗങ്ങളിൽ കൊണ്ടുപോവുന്നതിനുള്ള ശേഷി കേന്ദ്രവും സത്യവാങ്മൂലത്തിൽ വ്യക്തമാക്കണം.

Content Highlights: COVID 19 vaccine India