ന്യൂഡൽഹി: കോവിഡ് വാക്സിൻ പൊതുവിപണിയിലൂടെ ലഭ്യമാക്കില്ല. സർക്കാർ നിയന്ത്രണത്തിൽ, നിലവിലെ പ്രോട്ടോകോൾ പാലിച്ച് ഇപ്പോഴുള്ളതുപോലെ തന്നെയായിരിക്കും തുടർന്നങ്ങോട്ടും വാക്സിനേഷൻ നൽകുക. അടിയന്തര ഉപയോഗം എന്ന നിലയ്ക്കാണ് ഇപ്പോൾ വാക്സിൻ സർക്കാർ മേൽനോട്ടത്തിൽ വിതരണം ചെയ്യുന്നത്. അടിയന്തര ഉപയോഗം ആയതിനാൽ സർക്കാർ നിയന്ത്രണം തുടർന്നും ആവശ്യമാണെന്ന് ആരോഗ്യമന്ത്രി ഹർഷ് വർധൻ പറഞ്ഞു.

50 വയസ്സിനു മുകളിലുള്ളവർക്ക് മാർച്ച് അവസാനത്തോടെ കുത്തിവെപ്പ് തുടങ്ങും. അത് പൂർണമായും സൗജന്യമായിരിക്കുമോ അല്ലയോ എന്നതിൽ തീരുമാനമായിട്ടില്ല. ഇതുവരെ 87.45 ലക്ഷം ആളുകൾക്ക് വാക്സിൻ കുത്തിവെപ്പ് നടത്തി.

അതേസമയം, കേരളവും മഹാരാഷ്ട്രയും ഒഴികെ മറ്റെല്ലായിടത്തും കോവിഡ് വ്യാപനം കുറഞ്ഞു. കേരളത്തിൽ 4,937 പേർക്കാണ് പുതുതായി രോഗം ബാധിച്ചത്. ഏറ്റവും കൂടുതൽപേർ ചികിത്സയിലുള്ളതും കേരളത്തിൽതന്നെയാണ് (61,550). മഹാരാഷ്ട്രയാണ് തൊട്ടുപിന്നിൽ (37,383).

ചൊവ്വാഴ്ച അവസാനിച്ച 24 മണിക്കൂറിൽ 9,121 പേർക്കാണ് പുതുതായി രോഗം ബാധിച്ചത്. നിലവിൽ ചികിത്സയിലുള്ളത് 1.36 ലക്ഷം പേരാണ്. 81 പേർകൂടി മരിച്ചതോടെ ആകെ മരണം 1,55,813 ആയി.

17 സംസ്ഥാനങ്ങളിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടില്ല. ആറു സംസ്ഥാനങ്ങളിൽ ഒറ്റ കോവിഡ് കേസുപോലും പുതുതായി റിപ്പോർട്ട് ചെയ്തിട്ടില്ല. എല്ലാ സംസ്ഥാനങ്ങളിൽനിന്നുമായി റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം തുടർച്ചയായ നാലാംദിവസവും 10,000 ൽ താഴെയാണ്.

Content Highlights: COVID 19 vaccine India