ന്യൂഡൽഹി: സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ നടക്കുന്ന ഓക്സ്ഫഡ് സർവകലാശാലയുടെ കോവിഡ് വാക്സിൻ പരീക്ഷണത്തിൽ പങ്കെടുത്തയാൾക്ക് ഗുരുതര ആരോഗ്യപ്രശ്നമുണ്ടായെന്ന പരാതി ഡി.സി.ജി.ഐ.യും (ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ) വാക്സിൻ കുത്തിവെച്ച സ്ഥാപനത്തിലെ എത്തിക്സ് കമ്മിറ്റിയും അന്വേഷിക്കും. സംഭവത്തിൽ അഞ്ചുകോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് 40-കാരനായ ചെന്നെ സ്വദേശി കേസ് നൽകി. വാക്സിൻ പരീക്ഷണം, ഉത്പാദനം, വിതരണം എന്നിവ ഉടൻ നിർത്തണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
ഒക്ടോബർ ഒന്നിന് ചെന്നൈയിലെ ശ്രീരാമചന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽനിന്നാണ് ഇദ്ദേഹം വാക്സിൻ സ്വീകരിച്ചത്. വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിൽ സ്വയം സന്നദ്ധനായാണ് ഇദ്ദേഹം പങ്കെടുത്തത്. വാക്സിനെടുത്തശേഷം തനിക്ക് നാഡീസംബന്ധമായും മാനസികമായും പ്രശ്നങ്ങളുണ്ടായതായി ഇദ്ദേഹം ആരോപിക്കുന്നു. സംഭവത്തിൽ ഐ.സി.എം.ആർ., ഡി.സി.ജി.ഐ., ആസ്ട്രാസെനെക യു.കെ, ഓക്സ്‌ഫഡ് സർവകലാശാല, ശ്രീരാമചന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് വൈസ് ചാൻസലർ, ഓക്സ്ഫഡ് വാക്സിൻ പരീക്ഷണത്തിന്റെ ചീഫ് ഇൻവെസ്റ്റിഗേറ്റർ എന്നിവർക്ക് ഇദ്ദേഹം നോട്ടീസയച്ചു.
പരീക്ഷണത്തിൽ ഏതെങ്കിലും തരത്തിലുള്ള പാളിച്ച വന്നിട്ടുണ്ടോ എന്നത് ഡി.സി.ജി.ഐ.യും ശ്രീരാമചന്ദ്രയിലെ എത്തിക്സ് കമ്മിറ്റിയും അന്വേഷിക്കുമെന്ന് ഐ.സി.എം.ആറിലെ എപ്പിഡമിയോളജി ആൻഡ് കമ്യൂണിക്കബിൾ ഡിസീസസ് മേധാവി ഡോ. സമീരൻ പാണ്ഡ അറിയിച്ചു.
പരാതിക്കാരന്റെ ആരോപണം നിഷേധിച്ച സിറം ഇൻസ്റ്റിറ്റ്യൂട്ട് ഇതുതുടർന്നാൽ 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസുകൊടുക്കുമെന്ന് മുന്നറിയിപ്പ് നൽകി.
Content Highlights: COVID 19 vaccine India