ന്യൂഡൽഹി: കോവിഡിനെതിരേ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുക്കുന്ന വാക്സിനായ ‘കോവാക്സിന്റെ’ മനുഷ്യരിലെ മൂന്നാംഘട്ട പരീക്ഷണം എയിംസ് ആശുപത്രിയിൽ ആരംഭിച്ചു. ന്യൂറോ സയൻസസ് മേധാവി ഡോ. എം.വി. പത്മ ശ്രീവാസ്തവയും മറ്റ് മൂന്നു സന്നദ്ധപ്രവർത്തകരും ആദ്യ കുത്തിവെപ്പ് സ്വീകരിച്ചു. അടുത്ത ദിവസങ്ങളിൽ എയിംസിലെ 15,000-ത്തോളം വൊളന്റിയർമാർക്ക് മരുന്ന് നൽകും.
കുത്തിവെപ്പ് നൽകിയവർ രണ്ടുമണിക്കൂറോളം നിരീക്ഷണത്തിലായിരുന്നെന്നും ഇവരെ കുറച്ചുദിവസം നിരീക്ഷിക്കുമെന്നും അടുത്ത കുത്തിവെപ്പ് 28-ാം ദിവസം നൽകുമെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. 18 വയസ്സിനും അതിനു മുകളിലുമുള്ള 28,500 പേർക്ക് രാജ്യത്തിലെ 25 കേന്ദ്രങ്ങളിൽ നിന്നായാണ് വാക്സിൻ നൽകുന്നത്. ഐ.സി.എം.ആറുമായി ചേർന്ന് ഭാരത് ബയോടെക് വികസിപ്പിക്കുന്ന കോവിഡ് പ്രതിരോധമരുന്നാണ് കോവാക്സിൻ.
Content Highlights: COVID 19 vaccine AIIMS