പുണെ: കോവിഡ് മൂന്നാം തരംഗം കുട്ടികളെ ബാധിക്കുമെന്ന ഭീഷണിക്ക് ആശ്വാസം പകർന്ന് പുണെയിലെ പഠന റിപ്പോർട്ട്. അഞ്ചാം പനിയെ പ്രതിരോധിക്കുന്ന മീസിൽസ്‌ വാക്സിൻ കുട്ടികളിൽ കോവിഡ് തടയാൻ സഹാകമാകുമെന്ന് പുണെയിൽ നടന്ന പഠനം സൂചന നൽകുന്നു. മീസിൽസ് വാക്സിൻ സ്വീകരിക്കാതിരുന്ന കുട്ടികളിലാണ് കോവിഡ് കൂടുതൽ ഉണ്ടായിട്ടുള്ളത് എന്നാണ് പുണെയിലെ ബി.ജെ. മെഡിക്കൽ കോളേജ് നടത്തിയ പഠനം തെളിയിക്കുന്നത്.

ഒരു വയസ്സിനും 17 വയസ്സിനും ഇടക്കുള്ള 548 കുട്ടികളിലാണ് പഠനം നടത്തിയത്. കോവിഡിനുകാരണമായ സാർസ്- കോവി-2 വൈറസിനെതിരേ മീസിൽസ് വാക്സിൻ 87.5 ശതമാനം ഫലപ്രദമാണെന്നാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയത്. ഇതു വരെയുള്ള കണ്ടെത്തൽ ആശാവഹമാണെങ്കിലും ക്ലിനിക്കൽ പരീക്ഷണങ്ങളടക്കം കൂടുതൽ പഠനങ്ങൾ ഇനിയും ആവശ്യമാണെന്ന് മുഖ്യ ഗവേഷകൻ ഡോ. നിലേഷ് ഗുജർ പറഞ്ഞു.