ന്യൂഡൽഹി: കോവിഡ് വ്യാപനം നേരിടാൻ ആഗോള കൂട്ടായ്മ ശക്തിപ്പെടുത്തണമെന്നും ഒരുരാജ്യം-ഒരു ആരോഗ്യം എന്ന സമീപനം സ്വീകരിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ജി-7 ഉച്ചകോടിയിൽ. കോവിഡ് വാക്സിൻ നിർമാണത്തെ സഹായിക്കാൻ ലോകാരോഗ്യസംഘടനയുടെ പേറ്റന്റ് വ്യവസ്ഥകൾ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. ഇന്ത്യയുടെ ആവശ്യത്തെ ഓസ്‌ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങൾ പിന്തുണച്ചു.

ബ്രിട്ടനിൽ കോൺവെലിൽ രണ്ടുദിവസമായി നടന്ന ഉച്ചകോടിയിൽ വെർച്വൽ മാർഗത്തിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്. അമേരിക്ക, യു.കെ., കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ എന്നീ രാജ്യങ്ങളാണ് ജി-7 രാജ്യങ്ങൾ. ഇന്ത്യ അംഗമല്ലെങ്കിലും നിലവിലെ അധ്യക്ഷൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണാണ് ഇന്ത്യ, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളെ ക്ഷണിച്ചത്.

ഉച്ചകോടിയുടെ മൂന്നുയോഗങ്ങളിൽ മോദി പങ്കെടുത്തു. കോവിഡ് രണ്ടാംവ്യാപനം നേരിടാൻ ഇന്ത്യയെ സഹായിച്ച ജി-7 രാജ്യങ്ങൾക്കും അതിഥിരാജ്യങ്ങൾക്കും നന്ദി പറഞ്ഞ പ്രധാനമന്ത്രി ഒരു ഭൂമി-ഒരു ആരോഗ്യം എന്ന മുദ്രാവാക്യം ഉച്ചകോടിയിൽ അവതരിപ്പിച്ചു.

ഭീകരവാദം, അക്രമപരമായ തീവ്രവാദം, ഏകാധിപത്യം എന്നിവയിൽ നിന്നുള്ള ഭീഷണിയെ പ്രതിരോധിക്കുന്നതിനുള്ള പങ്കാളിത്തത്തിൽ ഇന്ത്യ സ്വാഭാവികമായ സഖ്യകക്ഷിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയ്ക്കും ജി-7 രാജ്യങ്ങൾക്കും ഭീകരവാദത്തിൽനിന്നുള്ള ഭീഷണി സംബന്ധിച്ച് ഒരേ കാഴ്ചപ്പാടാണെന്നും പ്രധാനമന്ത്രി പറഞ്ഞു.