അഹമ്മദാബാദ്: പണം മുടക്കാൻ തയ്യാറുള്ള കോവിഡ് രോഗികൾക്ക് പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിക്കാൻ സൗകര്യമൊരുക്കി ഗുജറാത്ത്. ലക്ഷണങ്ങൾ കാണിക്കാത്ത രോഗികൾക്കു മാത്രമാണ് ഈ സൗകര്യം. ഭക്ഷണമടക്കം ദിവസം 3000 രൂപയോളമാണ് വാടകയീടാക്കുക.

അഹമ്മദാബാദിലെ എസ്.ജി.ഹൈവേയിലെ ഫേൺ ഹോട്ടലാണ് കെയർ സെന്ററാക്കുന്നതെന്ന് മുനിസിപ്പൽ കമ്മിഷണർ വിജയ് നെഹ്‌റ അറിയിച്ചു. ഹോട്ടൽ ആവശ്യപ്പെടുന്ന പണം കൊടുക്കാൻ തയ്യാറുള്ള രോഗികൾക്ക് ഇവിടെ കഴിയാം.

ലക്ഷണങ്ങൾ കാണിക്കാത്ത കോവിഡ് രോഗികൾ കൂടിയതിനാൽ ഇവരെ താത്കാലിക കെയർസെന്ററുകളിൽ താമസിപ്പിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചിരുന്നു. കോളേജ് ഹോസ്റ്റൽ, ഹജ്ജ് ഹൗസ് തുടങ്ങിയവയൊക്കെയാണ് ഇതിനായി ഒരുക്കിയത്. ഇവിടെ താമസം സൗജന്യമാണ്. ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും കൂടുതൽ ചികിത്സ ആവശ്യമാവുകയും ചെയ്താൽ ആശുപത്രിയിലേക്ക് മാറ്റും. എന്നാൽ, കെയർ സെന്ററുകളിലെ പരിമിത സൗകര്യങ്ങളിൽ അനിഷ്ടം പ്രകടിപ്പിച്ചവർക്കു വേണ്ടിയാണ് ഹോട്ടൽ ഒരുക്കിയത്.

സർക്കാർ ആശുപത്രികളിലെ ചികിത്സ പോരെന്നുള്ളവർക്കായി മൂന്നു സ്വകാര്യ ആശുപത്രികളിലും ചികിത്സയ്ക്ക് സർക്കാർ അനുമതി നൽകിയിരുന്നു. സിവിൽ ആശുപത്രിയിലെ സൗകര്യങ്ങളിൽ രോഗികൾ അസന്തുഷ്ടി പ്രകടിപ്പിച്ചിതിനാൽ മേൽനോട്ടത്തിന് ഐ.എ.എസ്. ഉദ്യോഗസ്ഥനെ നിയമിച്ചിട്ടുണ്ട്.

content Highlight: Covid 19 patients can stay at a five star hotel in Gujarat