ന്യൂഡൽഹി: വിദേശത്തുനിന്ന് വരുന്നവർക്കുള്ള പുതിയ കോവിഡ് മാനദണ്ഡങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കി. കോവിഡ് നെഗറ്റീവ് പരിശോധനാ ഫലം സമർപ്പിക്കുന്നവർ, ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ, കുടുംബത്തിൽ മരണം, പത്തുവയസ്സിൽ താഴെയുള്ള കുട്ടികളുടെ മാതാപിതാക്കൾ എന്നിവർക്ക് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീൻ വേണ്ട. അവർ 14 ദിവസവും വീട്ടിൽ സമ്പർക്കവിലക്കിൽ കഴിഞ്ഞാൽ മതി. അതേസമയം, ക്വാറന്റീൻ സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് സ്വന്തമായ ചട്ടങ്ങൾ തയ്യാറാക്കാമെന്നും കേന്ദ്രം വ്യക്തമാക്കി.

മറ്റു നിർദേശങ്ങൾ

* വിദേശത്തുനിന്ന്് വരുന്നവർ പുറപ്പെടുന്നതിന് 72 മണിക്കൂർ മുൻപ് newdelhiairport.in എന്ന വെബ്‌സൈറ്റിൽ സ്വയം സാക്ഷ്യപ്പെടുത്തിയ ഫോം പൂരിപ്പിക്കണം. ഏഴ് ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീൻ ഉൾപ്പെടെ 14 ദിവസം സമ്പർക്കവിലക്കിൽ കഴിയാമെന്ന് അതിൽ ഉറപ്പുനൽകണം.

* ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ, കുടുംബത്തിൽ മരണം, പത്തുവയസ്സിൽ താഴെയുള്ള കുട്ടികളുടെ മാതാപിതാക്കൾ എന്നിവർക്ക് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീനിൽ ഇളവ് ലഭിക്കാനും newdelhiairport.in വെബ്‌സൈറ്റിൽ അപേക്ഷിക്കണം. സർക്കാരിന്റെ തീരുമാനം ഓൺലൈൻ പോർട്ടലിലൂടെ അറിയിക്കുന്നത് അന്തിമമായിരിക്കും.

* ഇവിടെയെത്തുമ്പോൾ കോവിഡ് നെഗറ്റീവ് ആർ.ടി. പി.സി.ആർ. റിപ്പോർട്ട് സമർപ്പിച്ചുകൊണ്ടും ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീനിൽ ഇളവ് തേടാം. പരിശോധന യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂറിനകം നടത്തിയതായിരിക്കണം. പരിശോധനാ ഫലം പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം. ഇതിൽ കൃത്രിമം കാണിച്ചാൽ ക്രിമിനൽ വിചാരണ നേരിടേണ്ടിവരും. ഇന്ത്യയിലെത്തിയാൽ പരിശോധനാ ഫലം നേരിട്ട് കാണിച്ചുകൊടുക്കുകയും വേണം.