ബെംഗളൂരു: കോവിഡ് രണ്ടാംഘട്ടവ്യാപനം രൂക്ഷമായതോടെ കേരള, കർണാടക ആർ.ടി.സി.കൾ വീണ്ടും സർവീസുകൾ വെട്ടിക്കുറയ്ക്കുന്നു. കോവിഡ് നിയന്ത്രണങ്ങൾമൂലം അന്തസ്സംസ്ഥാന യാത്രക്കാർ കുറഞ്ഞതിനാൽ വളരെ കുറച്ചു ബസ് സർവീസുകൾ മാത്രമാണ് ഇപ്പോൾ ആർ.ടി.സി.കൾ നടത്തുന്നത്. കേരള ആർ.ടി.സി. ചൊവ്വാഴ്ചയും ബുധനാഴ്ചയും പതിനഞ്ചോളം സർവീസുകൾ വീതമാണ് നടത്തിയത്. കർണാടകത്തിന് പുറമേ കേരളവും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതോടെ യാത്രക്കാരുടെ എണ്ണം വളരെ കുറഞ്ഞതായി കേരള ആർ.ടി.സി. അധികൃതർ പറഞ്ഞു.

ഒരാഴ്ച മുമ്പുവരെ ബസുകൾ നിറഞ്ഞ് യാത്രക്കാരുണ്ടായിരുന്നെങ്കിലും കേരളം കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതോടെ യാത്രക്കാർ കുറഞ്ഞു. മലബാർ ഭാഗത്തേക്കാണ് കുറച്ചെങ്കിലും യാത്രക്കാരുള്ളത്. ഇരുസംസ്ഥാനങ്ങളും കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ നാട്ടിലേക്കുപോകാൻ ബെംഗളൂരു മലയാളികൾ മടിക്കുകയാണ്. യാത്രക്കാർ കുറവായതിനാൽ പല സർവീസുകളും വെട്ടിക്കുറയ്ക്കുന്നുണ്ട്. ബുക്ക് ചെയ്ത യാത്രക്കാർ കുറവാണെങ്കിൽ ഈ ബസ് റദ്ദാക്കി ഇതിലെ യാത്രക്കാരെ മറ്റു ബസുകളിൽ കയറ്റി വിടുകയാണ് ചെയ്യുന്നത്. ബസ് റദ്ദാക്കിയാലും യാത്രക്കാർക്ക് വീട് എത്തുന്നതുവരെയുള്ള യാത്രാസൗകര്യം ഏർപ്പെടുത്തുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.

യാത്രക്കാർ കുറവാണെങ്കിൽ ബസ് റദ്ദാക്കി മറ്റു ബസുകളിൽ കയറ്റിവിടുകയെന്ന രീതിയാണ് കർണാടക ആർ.ടി.സി.യും നടപ്പാക്കുന്നത്. അതിനിടെ, യാത്രക്കാർ കുറഞ്ഞതിനാൽ റദ്ദാക്കിയ ചില ദീർഘദൂരബസുകൾ സംസ്ഥാനത്തിനകത്ത് മാത്രമായി സർവീസ് നടത്താൻ കർണാടകം ആലോചിക്കുന്നുണ്ട്.

കർഫ്യു ബാധിക്കില്ല

അതേസമയം, കർണാടകത്തിൽ ബുധനാഴ്ച രാത്രി ഒമ്പതുമുതൽ രാത്രി കർഫ്യു നിലവിൽവന്നെങ്കിലും കേരളത്തിലേക്കുള്ള സർവീസുകളെ ബാധിക്കില്ല. എന്നാൽ, ബെംഗളൂരുവിന്റെ വിവിധഭാഗങ്ങളിലുള്ള മലയാളി യാത്രക്കാർക്ക് രാത്രി ഒമ്പതിന് ശേഷം ബസ് സ്റ്റാൻഡുകളിൽ എത്തുന്നത് സംബന്ധിച്ച ആശങ്കയുണ്ട്. രാത്രി കർഫ്യു സമയത്ത് ബസ് സ്റ്റാൻഡിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും വിമാനത്താവളത്തിലേക്കും ഉള്ള യാത്രക്കാർ സ്വകാര്യവാഹനങ്ങളിലും ടാക്സികളിലും സഞ്ചരിക്കുന്നതിന് തടസ്സമില്ല. ഇവർ മതിയായ യാത്രാരേഖകൾ കൈയിൽ കരുതിയാൽ മതിയെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. എങ്കിലും രാത്രി ഒമ്പതിനുശേഷമുള്ള ബസുകളിൽ കയറാനെത്തുന്ന യാത്രക്കാർ ഒമ്പതിനുമുമ്പ് ബസ് സ്റ്റാൻഡുകളിൽ എത്തുന്നതാണ് നല്ലതെന്ന് ആർ.ടി.സി. അധികൃതർ പറഞ്ഞു.