ന്യൂഡൽഹി: കോവിഡ്-19 വ്യാപിക്കുകയും സ്വകാര്യാശുപത്രികൾ ചികിത്സയ്ക്കു വലിയ തുക ഈടാക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇതിനായി പ്രത്യേക പദ്ധതിയുണ്ടാക്കാൻ ജനറൽ ഇൻഷുറൻസ് കൗൺസിലിനോട് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഇർഡായി) ആവശ്യപ്പെട്ടു. കോവിഡ് ചികിത്സയുടെ ചെലവ് നിശ്ചയിച്ചുകൊണ്ട് പ്രത്യേക ഇൻഷുറൻസ് പദ്ധതി തയ്യാറാക്കാനാണ് നിർദേശം.

പി.പി.ഇ. കിറ്റുകൾ പോലുള്ളവയുടെ ചെലവുകൾ നിലവിൽ ഇൻഷുറൻസ് പരിധിയിൽ വരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇവയെല്ലാം ഉൾപ്പെടുത്തിയുള്ള പദ്ധതികൾക്കായി നിർദേശം നൽകിയത്. രണ്ടാഴ്ചയ്ക്കകം ഇതുസംബന്ധിച്ച് തീരുമാനമെടുത്തേക്കും. കോവിഡ് ചികിത്സയുടെ എല്ലാ ഘടകങ്ങളും ഉൾപ്പെടുത്തിയുള്ള പദ്ധതി തയ്യാറാക്കിവരികയാണെന്ന് ജനറൽ ഇൻഷുറൻസ് കൗൺസിൽ അറിയിച്ചിട്ടുണ്ട്.

നിലവിൽ മൂന്നു മുതൽ എട്ടു ലക്ഷം വരേയാണ് കോവിഡ് ചികിത്സയ്ക്ക് സ്വകാര്യാശുപത്രികൾ ഈടാക്കുന്നത്. സർക്കാർ ആശുപത്രികളിൽ ആവശ്യത്തിനു കിടക്കകൾ ഇല്ലാത്തതിനാൽ പലർക്കും സ്വകാര്യാശുപത്രികളെത്തന്നെ ആശ്രയിക്കേണ്ടതായും വരുന്നു. സാധാരണക്കാർക്കു സ്വകാര്യാശുപത്രികളിലെ ചികിത്സച്ചെലവ് താങ്ങാവുന്നതുമല്ല.

സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ കിടക്കയ്ക്ക് ദിവസം 20000 മുതൽ 30000 രൂപ വരെ ഈടാക്കുന്നു. പി.പി.ഇ. കിറ്റ്, മെഡിക്കൽ സ്റ്റാഫ് എന്നിവയ്ക്കായി അര ലക്ഷം രൂപ വരെയും ഈടാക്കുന്നു. ഇതുവഴി 15 ദിവസത്തേക്ക്‌ ഏതാണ്ട് മൂന്നര മുതൽ ഒമ്പതര ലക്ഷം രൂപ വരെ വേണ്ടിവരുന്നു. കോവിഡ് ചികിത്സയ്ക്ക് 16 ലക്ഷം രൂപ വരെ ബില്ല് ലഭിച്ച രോഗികളുമുണ്ട്. ഈ സാഹചര്യത്തിലാണ് പ്രത്യേക ഇൻഷുറൻസ് പദ്ധതി തയ്യാറാക്കുന്നത്.

Content Highlights: COVID 19 Insurance