ന്യൂഡൽഹി: രാജ്യത്തെ പുതിയ കോവിഡ് കേസുകളിൽ ഡെൽറ്റ വകഭേദമാണ് കൂടുതലെന്ന് പരിശോധനാ ലബോറട്ടറികളുടെ കൂട്ടായ്മയായ ഇൻസകോഗ്. മറ്റു വകഭേദങ്ങളുടെ വ്യാപനം കുറഞ്ഞിട്ടുണ്ട്. എന്നാൽ, ഡെൽറ്റയുടെ ഭീതിയുയർത്തുന്ന വകഭേദങ്ങൾ രൂപപ്പെട്ടതായി തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും കൂട്ടായ്മ വ്യക്തമാക്കി.

കോവിഡിന്റെ ജനിതക വ്യതിയാനങ്ങളെ നിരീക്ഷിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയവും ജൈവ സാങ്കേതികവകുപ്പും സംയുക്തമായി രൂപം നൽകിയ ഇൻസകോഗിൽ 28 ദേശീയ ലബോറട്ടറികളാണുള്ളത്.

വാക്സിൻ എടുത്തശേഷം കോവിഡ് ബാധിച്ചവരിൽ ഭൂരിഭാഗത്തിനും രോഗകാരണം ഡെൽറ്റ വകഭേദമാണെന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ പഠനം പറയുന്നത്. ഇതിൽ 9.8 ശതമാനം രോഗികളെ മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നത്. മരണനിരക്ക് 0.4 ശതമാനം മാത്രമാണെന്നും ഇൻസകോഗ് ചൂണ്ടിക്കാട്ടി.