ന്യൂഡൽഹി: മരണസർട്ടിഫിക്കറ്റിൽ കോവിഡ് മരണമെന്ന് രേഖപ്പെടുത്തിയിട്ടില്ല എന്ന ഒറ്റക്കാരണത്താൽ മാത്രം ബന്ധുക്കൾക്കുള്ള അരലക്ഷം രൂപയുടെ സഹായധനം നിഷേധിക്കരുതെന്ന് സുപ്രീംകോടതി.

കോവിഡ് ബാധിച്ചു മരിച്ചവരുടെ ബന്ധുക്കൾക്ക് സഹായധനം നൽകുന്നതിനുള്ള ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ മാർഗരേഖ അംഗീകരിച്ചുകൊണ്ടാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്. അപേക്ഷ നൽകി 30 ദിവസത്തിനകം സംസ്ഥാന ദുരന്തനിവാരണ നിധിയിൽനിന്ന് അരലക്ഷം രൂപ നൽകണം. കേന്ദ്രമോ സംസ്ഥാനങ്ങളോ നൽകുന്ന മറ്റു സഹായങ്ങൾക്കു പുറത്താണ് ഈ തുക നൽകേണ്ടത്. സഹായധനത്തെക്കുറിച്ച് കേന്ദ്രവും സംസ്ഥാനങ്ങളും ദൃശ്യ, പത്ര മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചാരണം നടത്തണമെന്നും ജസ്റ്റിസ് എം.ആർ. ഷാ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.

മരണസർട്ടിഫിക്കറ്റിൽ മരണകാരണം കോവിഡ് എന്ന് രേഖപ്പെടുത്തിയിട്ടില്ല എന്ന കാരണത്താൽ മാത്രം സഹായധനം നിഷേധിക്കരുത്. അങ്ങനെവന്നാൽ ബന്ധുക്കൾക്ക് തർക്കപരിഹാരസമിതിയെ സമീപിക്കാം. മരിച്ച വ്യക്തിയുടെ മെഡിക്കൽ രേഖകൾ നൽകാൻ സമിതിക്ക് ആശുപത്രികളോട് ആവശ്യപ്പെടാം. ആർ.ടി.പി.സി.ആർ. പരിശോധനാഫലം ഉൾപ്പെടെയുള്ള രേഖകൾ ബന്ധുക്കൾ ഹാജരാക്കിയാൽ നേരത്തേ നൽകിയ മരണസർട്ടിഫിക്കറ്റിൽ കോവിഡ് കൂടി ചേർത്ത് പുതുക്കിനൽകണം.

കോവിഡ് പോസിറ്റീവായി 30 ദിവസത്തിനകം മരിച്ചാൽ അതിനെ ‘കോവിഡ് മരണ’മായി കണക്കാക്കി സർട്ടിഫിക്കറ്റ് നൽകുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. മരിക്കുന്നത് ആശുപത്രിയിലല്ലെങ്കിൽപ്പോലും കോവിഡ് മരണ സർട്ടിഫിക്കറ്റ് നൽകും. അതേസമയം, അപകടം, കൊലപാതകം, വിഷം അകത്തുചെന്നുള്ള മരണം എന്നിവയിൽ അവർ കോവിഡ് രോഗിയാണെങ്കിൽപ്പോലും കോവിഡ് മരണമായി കണക്കാക്കില്ല. കോവിഡ് വന്ന് 30 ദിവസത്തിനകം ആത്മഹത്യചെയ്തവരുടെ കുടുംബത്തിനും സഹായധനം നൽകുമെന്ന് കേന്ദ്രം പിന്നീട് അറിയിച്ചിരുന്നു.