ന്യൂഡൽഹി: രാജ്യമൊട്ടുക്കും കോവിഡിന്റെ രണ്ടാംതരംഗം രൂക്ഷമാവുമ്പോൾ രോഗവ്യാപനം തടയുന്നതിൽ മഹാരാഷ്ട്രയടക്കമുള്ള സംസ്ഥാന സർക്കാരുകളുടെ പിടിപ്പുകേടിലും പ്രതിരോധ കുത്തിവെപ്പിലെ അലംഭാവത്തിലും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി കേന്ദ്രം. കോവിഡ് റിപ്പോർട്ടു ചെയ്തശേഷം ഇതാദ്യമായാണ് കേന്ദ്രം സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തുന്നത്. പരാജയത്തിൽനിന്ന് ശ്രദ്ധതിരിക്കാൻ ചില സംസ്ഥാന സർക്കാരുകൾ നിന്ദ്യമായ ശ്രമം നടത്തുകയും ജനങ്ങളിൽ അങ്കലാപ്പ് ഉണ്ടാക്കുകയും ചെയ്യുകയാണെന്ന് ആരോഗ്യമന്ത്രി ഹർഷ് വർധൻ പ്രസ്താവനയിൽ പറഞ്ഞു.

മഹാരാഷ്ട്ര, ഡൽഹി, പഞ്ചാബ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളെ പേരെടുത്തുതന്നെ രൂക്ഷമായി വിമർശിച്ചു. ഇവയെല്ലാം ബി.ജെ.പി. ഇതര കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. കർണാടകം, രാജസ്ഥാൻ, ഗുജറാത്ത് തുടങ്ങിയവ പരിശോധനയുടെ നിലവാരം മെച്ചപ്പെടുത്തണമെന്നും ആരോഗ്യസംവിധാനം വർധിപ്പിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

“ കോവിഡിനെ പ്രതിരോധിക്കുന്നതിൽ മഹാരാഷ്ട്ര സർക്കാർ അലംഭാവം കാട്ടുകയാണ്. രാജ്യംമുഴുവൻ നടത്തുന്ന പരിശ്രമം ഇല്ലാതാക്കുന്നതാണ് ഈ സമീപനം. മഹാരാഷ്ട്രയെ കേന്ദ്രം നിരന്തരം ഉപദേശിക്കുകയും ആവശ്യമായ നിർദേശങ്ങൾ നൽകുകയും കേന്ദ്രസംഘങ്ങളെ അയക്കുകയും ചെയ്തിരുന്നു. എന്നാൽ, സർക്കാരിന്റെ ഭാഗത്തുനിന്ന് വേണ്ട പരിശ്രമം ഉണ്ടാവുന്നില്ല. രാജ്യത്ത് കൂടുതൽ പേർ മരിക്കുന്ന സംസ്ഥാനമാണ് ഇപ്പോൾ മഹാരാഷ്ട്ര. ലോകത്തെതന്നെ ഏറ്റവും ഉയർന്ന പോസിറ്റിവിറ്റി നിരക്കാണ് അവിടെ. പരിശോധന വേണ്ടത്ര നടക്കുന്നില്ല”.

18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും വാക്സിൻ നൽകണമെന്ന് ചിലർ ആവശ്യപ്പെട്ടത് ആശങ്കാജനകമാണ്. വാക്സിൻ ലഭ്യത കണക്കിലെടുത്ത് അതിന് മുൻഗണന നിശ്ചയിക്കേണ്ടതുണ്ട്. ഇങ്ങനെ ആവശ്യപ്പെടുന്നവർതന്നെ ആ സംസ്ഥാനങ്ങളിൽ മുൻഗണനാ വിഭാഗത്തിലുള്ള ആരോഗ്യപ്രവർത്തകർ, കോവിഡ് പോരാളികൾ, മുതിർന്ന പൗരന്മാർ എന്നിവർക്കെല്ലാം വാക്സിൻ നൽകിയിട്ടില്ല. മഹാരാഷ്ട്ര 25 ശതമാനം മുതിർന്ന പൗരന്മാർക്കു മാത്രമേ വാക്സിൻ നൽകിയിട്ടുള്ളൂ. ഡൽഹി 30 ശതമാനത്തിനും പഞ്ചാബ് 13 ശതമാനത്തിനും. അതേസമയം നാലു സംസ്ഥാനങ്ങൾ 50 ശതമാനത്തിനു മുകളിൽ വാക്സിൻ നൽകിയതായും മന്ത്രി ചൂണ്ടിക്കാട്ടി.

Content Highlights: Covid 19: Centre criticised states