ന്യൂഡൽഹി: കോവിഡ്-19 വ്യാപനം തടയാൻ അടച്ചിടൽ കർശനമായി പാലിക്കണമെന്നും നിരീക്ഷണസൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും കേന്ദ്രസർക്കാർ പശ്ചിമബംഗാൾ സർക്കാരിനോട് നിർദേശിച്ചു. ആരോഗ്യപ്രവർത്തകർക്കെതിരേ നടക്കുന്ന അതിക്രമങ്ങൾ തടയണമെന്നും സംസ്ഥാന ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല നിർദേശിച്ചു. കൊൽക്കത്ത, ജൽപായ്‌ഗുഡി ജില്ലകൾ സന്ദർശിച്ച കേന്ദ്രസംഘം മടങ്ങിയെത്തിയതിനു പിന്നാലെയാണ് ആഭ്യന്തര സെക്രട്ടറി പശ്ചിമബംഗാൾ സർക്കാരിന് കത്തയച്ചത്.

സംസ്ഥാനത്ത് സാംപിൾ പരിശോധന കാര്യക്ഷമമായി നടക്കുന്നില്ലെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് അജയ് ഭല്ല ചീഫ് സെക്രട്ടറിക്ക് കത്തെഴുതിയത്. ഇതുമൂലം രോഗബാധിതരെ കണ്ടെത്താൻ വൈകുന്നു. മരണനിരക്ക് ദേശീയ ശരാശരിയേക്കാൾ ഏറെ കൂടുതലാണ്. 13.2 ശതമാനമാണ് സംസ്ഥാനത്തെ മരണനിരക്ക്. സാമ്പിൾ പരിശോധനയുടെ കുറവും നിരീക്ഷണസംവിധാനത്തിലെ പോരായ്മകളുമാണ് ഇതിനുകാരണം. ആളുകൾ തിങ്ങിത്താമസിക്കുന്ന സ്ഥലങ്ങളിൽ റാൻഡം സാംപിൾ പരിശോധന നടത്തണം.

കൊൽക്കത്തയിലും ഹൗറയിലും അടച്ചിടൽ ലംഘിച്ച് ജനങ്ങൾ പുറത്തിറങ്ങുകയാണ്. ആരോഗ്യപ്രവർത്തകരെയും പോലീസിനെയും വ്യാപകമായി മർദിക്കുന്നതായും റിപ്പോർട്ടുകളുണ്ടെന്ന് ചീഫ് സെക്രട്ടറിക്ക് എഴുതിയ കത്തിൽ അയജ് ഭല്ല ചൂണ്ടിക്കാട്ടി.

Content Highlights: covid 19  Bengal should ensure lock down