അഹമ്മദാബാദ്: മറ്റു സംസ്ഥാനങ്ങളിൽനിന്ന്‌ കേരളത്തിലെത്തുന്നവർക്ക് 48 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി-പി.സി.ആർ. നെഗറ്റീവ് റിപ്പോർട്ട് നിർബന്ധമാക്കിയത് മറുനാടൻ മലയാളികൾക്ക് തലവേദനയായി. രാജസ്ഥാൻ, ഡൽഹി, ഹിമാചൽപ്രദേശ്, ഗുജറാത്ത്, കർണാടക സംസ്ഥാനങ്ങളെല്ലാം 72 മണിക്കൂറിനുള്ളിലെടുത്ത രേഖയാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

കേരളത്തിൽ എത്തുന്നതിന് രണ്ടുദിവസം മുമ്പത്തെ റിപ്പോർട്ട് കിട്ടുക ഇപ്പോഴത്തെ സാഹചര്യത്തിൽ എളുപ്പമല്ല. ആർ.ടി-പി.സി.ആർ. റിപ്പോർട്ടിനായി ലാബുകളിൽ വലിയ തിരക്കാണ്. 36-48 മണിക്കൂറാണ് ചുരുങ്ങിയ സമയം. അഞ്ചുദിവസംവരെ കാത്തിരിക്കേണ്ടി വരുന്നുവെന്ന് കഴിഞ്ഞദിവസം ഗുജറാത്ത് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

രണ്ടുദിവസം യാത്രയ്ക്കു തന്നെയെടുക്കുന്ന തീവണ്ടിയാത്രക്കാർക്ക് എന്തായാലും റിപ്പോർട്ടുമായി പുറപ്പെടാനാവില്ല. ഒറ്റ വിമാനത്തിന് യാത്ര ചെയ്യാനാവാത്ത വിമാന യാത്രക്കാർക്കും യഥാസമയം റിപ്പോർട്ട് കിട്ടാനിടയില്ല. ഇതരസംസ്ഥാനങ്ങളുടെ 72 മണിക്കൂർ നിബന്ധന താരതമ്യേന പ്രായോഗികമാണ്. മഹാരാഷ്ട്ര തീവണ്ടി യാത്രക്കാർക്ക് യാത്ര തുടങ്ങുന്നതിനുമുമ്പ് രണ്ടു ദിവസത്തിനുള്ളിലെടുത്ത റിപ്പോർട്ടാണ് നിർബന്ധമാക്കിയത്.

വിവിധ സംസ്ഥാനങ്ങളിൽ സ്വകാര്യ ലാബുകളുടെ ഫീസും വ്യത്യസ്തമാണ്. ഗുജറാത്തിൽ 800 രൂപയായിരുന്നത് 700 രൂപയാക്കി കുറച്ചിട്ടുണ്ട്. എന്നാൽ, പല സംസ്ഥാനങ്ങളിലും ആയിരത്തിലേറെയാണ് തുക. നാട്ടിലെ സ്റ്റേഷനുകളിലും വിമാനത്താവളത്തിലും എത്തുന്ന പ്രവാസികൾ കൂടുതൽ തുക നൽകേണ്ടി വരുമോയെന്ന ആശങ്കയുമുണ്ട്. വാഹനം പുറപ്പെടുന്നതിനുമുമ്പ് 48 മണിക്കൂറിനുള്ളിലെടുത്ത രേഖ എന്ന് വ്യവസ്ഥ ചെയ്യുകയോ 72 മണിക്കൂറാക്കി കൂട്ടുകയോ വേണമെന്നാണ് ആവശ്യം.