ന്യൂഡൽഹി: രണ്ടാം കോവിഡ് വ്യാപനം മോദി സർക്കാരിനുണ്ടാക്കിയ പ്രതിച്ഛായാ നഷ്ടം പരിഹരിക്കാൻ കേന്ദ്ര വാർത്താവിതരണ മന്ത്രാലയം നീക്കം തുടങ്ങി. സർക്കാരിന്റെ പ്രവർത്തനങ്ങളും പദ്ധതികളും താഴെത്തട്ടിലെത്തിക്കാനുള്ള പ്രചാരണ പരിപാടികൾ ആവിഷ്കരിക്കാൻ പുതിയ മന്ത്രി അനുരാഗ് ഠാക്കൂർ മന്ത്രാലയത്തിന് നിർദേശം നൽകി. കോവിഡ് വ്യാപനത്തെ നേരിടാനുള്ള പ്രതിരോധ നടപടികളിലുണ്ടായ വീഴ്ചകൾക്കെതിരേ ആരോപണങ്ങളെ ഫലപ്രദമായി ചെറുക്കാൻ മന്ത്രാലയത്തിന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രകാശ് ജാവഡേക്കറിനെ കഴിഞ്ഞയാഴ്ച മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയത്.

രാജ്യത്തിനകത്തും പുറത്തുമുള്ള മാധ്യമങ്ങൾക്ക് കേന്ദ്രസർക്കാരിനെക്കുറിച്ചുള്ള സമീപനം അനുകൂലമാക്കുകയോ മാധ്യമങ്ങളിൽ ഉയരുന്ന ആരോപണങ്ങൾക്ക് യുക്തമായ മറുപടികളും മറുപ്രചാരണങ്ങളും തയ്യാറാക്കുകയോ വേണമെന്നാണ് മന്ത്രാലയത്തിന് സർക്കാർ നിർദേശം നൽകിയിരിക്കുന്നത്. സർക്കാരിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാൻ എല്ലാ മന്ത്രാലയങ്ങളും വകുപ്പുകളും ഏകോപനത്തോടെ പ്രവർത്തിക്കണം. സർക്കാരിന്റെ പ്രവർത്തനങ്ങൾ, കാര്യപരിപാടികൾ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങൾ യഥാസമയം വാർത്താ വിതരണമന്ത്രാലയത്തിന് കൈമാറണമെന്നും നിർദേശമുണ്ട്. പ്രതിദിനം ഓരോ വകുപ്പും മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച റിപ്പോർട്ട്‌ മന്ത്രിക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

വാർത്താവിതരണ മന്ത്രിയായി ചുമതലയേറ്റ ശേഷം അനുരാഗ് ഠാക്കൂർ സഹമന്ത്രി എൽ. മുരുകനൊപ്പം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. മന്ത്രാലയത്തിലെ പ്രവർത്തനങ്ങൾ വിലയിരുത്താനായിരുന്നു യോഗം ചേർന്നത്. സർക്കാരിന്റെ വാർത്താ വിതരണം മെച്ചപ്പെടുത്തുന്നതിനും ദേശീയ-അന്തർദേശീയ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾ പ്രതിരോധിക്കുന്നതിനും മന്ത്രാലയം സ്വീകരിച്ച നടപടികൾ മന്ത്രാലയം സെക്രട്ടറി അമിത് ഖരെ വിശദീകരിച്ചു.