ന്യൂഡൽഹി: ഭാരത് ബയോടെക് നിർമിച്ച കോവാക്സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിൽ അത് 81 ശതമാനം ഫലപ്രദമാണെന്ന് തെളിഞ്ഞതായി കമ്പനി വ്യക്തമാക്കി. ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്കും ഐ.സി.എം.ആറും ചേർന്ന് ഇന്ത്യയിൽതന്നെ വികസിപ്പിച്ച വാക്സിനാണിത്. മൂന്നാംഘട്ട പരീക്ഷണം 25,800 പേരിലാണ് നടത്തിയത്. ഇന്ത്യയിൽ നടത്തിയ ഏറ്റവും വലിയ പരീക്ഷണമാണിത്.

പരീക്ഷണത്തിന്റെ മൂന്നാംഘട്ടം പൂർത്തിയാകുന്നതിനുമുൻപ് കോവാക്സിന് അനുമതി നൽകിയത് വിവാദമായിരുന്നു. വാക്സിൻ കുത്തിവെപ്പ് ആരംഭിച്ച ജനുവരി 16-നുതന്നെ ചില കേന്ദ്രങ്ങളിൽ കോവാക്സിൻ നൽകിയതിനെതിരേ ആയിരുന്നു പ്രതിഷേധം. ഡൽഹിയിൽ ചില ഡോക്ടർമാർ കോവാക്സിൻ കുത്തിവെക്കാൻ വിസമ്മതിച്ചു. ചില സംസ്ഥാന സർക്കാരുകളും കോവാക്സിനെതിരേ നിലപാടെടുത്തു. എന്നാൽ, ഇക്കാര്യത്തിലുള്ള ആശങ്ക ക്രമേണ ഇല്ലാതായി. മാർച്ച് ഒന്നിന് വാക്സിന്റെ രണ്ടാംഘട്ടം തുടങ്ങിയപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി കോവാക്സിനാണ് സ്വീകരിച്ചത്.

Content Highlights: Covaxin India