ന്യൂഡൽഹി: ഇന്ത്യയിൽ നിർമിച്ച കോവിഡ് പ്രതിരോധവാക്സിൻ കോവാക്സിന്റെ രണ്ട് ഡോസ് രോഗലക്ഷണമുള്ളവരിൽ 50 ശതമാനം ഫലപ്രദമെന്ന് പഠനം. ദി ലാൻസെറ്റിന്റെ പകർച്ചവ്യാധി രോഗങ്ങളെക്കുറിച്ചുള്ള ജേണലിൽ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.

ഏപ്രിൽ 15 മുതൽ മേയ് 15 വരെ ഡൽഹി എയിംസിലെ കോവിഡ് സ്ഥിരീകരിച്ചവരും അല്ലാത്തവരുമായ 2,714 ജീവനക്കാരിൽ നടത്തിയ പരീക്ഷണ റിപ്പോർട്ടാണ് പ്രസിദ്ധീകരിച്ചത്. പരീക്ഷണം നടത്തിയവരിൽ 1,617 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് ഇവരിൽ 1,097 പേർ നെഗറ്റീവ് ആയി.

ആർ.ടി.പി.സി.ആർ. പരിശോധനയ്ക്ക് വിധേയമാകുന്നതിന് 14 ദിവസം മുന്പ് പരീക്ഷണവിധേയരായവരിൽ ആദ്യ ഡോസ് വാക്സിൻ നൽകി. ഏഴാഴ്ചത്തെ ഇടവേളയിൽ രണ്ടാമത്തെ ഡോസും. ഇന്ത്യയിൽ കൂടുതൽ പേരെ ബാധിച്ച ഡെൽറ്റ വകഭേദമാണ് പരീക്ഷണം നടത്തിയവരിലും സ്ഥിരീകരിച്ചത്.

കോവിഡ് തടയാൻ കോവാക്സിൻ 77 ശതമാനം ഫലപ്രദമാണെന്ന റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ, രോഗം ബാധിച്ചവരിൽ 50 ശതമാനം ഫലപ്രാപ്തി നൽകുന്നെന്നത് സുപ്രധാന നാഴികക്കല്ലാണെന്ന് പഠനത്തിന് നേതൃത്വം നൽകിയ എയിംസിലെ ഡോ. നവീത് വിഗ് പറഞ്ഞു.

ജനുവരിയിലാണ് ഇന്ത്യയിൽ 18 വയസ്സിന് മുകളിലുള്ളവർക്ക് കോവാക്സിൻ ഉപയോഗിക്കാൻ തുടങ്ങിയത്. ലോകാരോഗ്യ സംഘടന ഈ മാസമാദ്യം അടിയന്തര ഉപയോഗപ്പട്ടികയിൽ കോവാക്സിനെ ഉൾപ്പെടുത്തി. പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി സഹകരിച്ച് ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്കാണ് കോവാക്സിൻ വികസിപ്പിച്ചത്.