ന്യൂഡല്‍ഹി: മെഡിക്കല്‍ കോളേജുകളിലെ മാനേജ്‌മെന്റ് സീറ്റുകളിലേക്കുള്‍പ്പെടെ പ്രവേശനം സര്‍ക്കാരിന്റെ ഏകീകൃത കൗണ്‍സലിങ്ങിലൂടെമാത്രമേ പാടുള്ളൂവെന്ന മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (എം.സി.ഐ.) ഉത്തരവ് ചോദ്യംചെയ്ത് കേരളത്തിലെ നാല് കോളേജുകളും അമൃത കല്പിത സര്‍വകലാശാലയും സുപ്രീംകോടതിയെ സമീപിച്ചു. ഇക്കാര്യത്തില്‍ എം.സി.ഐ.യില്‍നിന്ന് വിശദീകരണം തേടിയ ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച്, കേസ് പരിഗണിക്കുന്നത് 24-ലേക്ക് മാറ്റി.

കേരളത്തിലെ പുഷ്പഗിരി, അമല, കോലഞ്ചേരി, ജൂബിലി മെഡിക്കല്‍ കോളേജുകളാണ് കോടതിയെ സമീപിച്ചത്. 50 ശതമാനം മാനേജ്‌മെന്റ് സീറ്റുകളില്‍ സര്‍ക്കാര്‍ നടത്തുന്ന കൗണ്‍സലിങ് ന്യൂനപക്ഷ അവകാശങ്ങള്‍ക്ക് എതിരാണെന്ന് മാനേജ്‌മെന്റുകള്‍ വാദിച്ചു. കല്പിത സര്‍വകലാശാലയായതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഏകീകൃത കൗണ്‍സലിങ്ങില്‍നിന്ന് പ്രവേശനം നടത്താനാവില്ലെന്നാണ് അമൃത ഇന്‍സ്റ്റിറ്റിയൂട്ടിന്റെ നിലപാട്.