ചെന്നൈ: തമിഴ്‌നാട്ടിൽ കോവിഡ് വ്യാപനത്തിനൊപ്പം മരണസംഖ്യയും കുതിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ആയിരത്തിലേറെപ്പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ജൂൺ ഒന്നുമുതൽ 30 വരെ 1028 പേർ മരിച്ചു. പ്രതിദിനം ശരാശരി 34 മരണമാണ് സംസ്ഥാനത്ത് കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തത്. മേയ് മാസത്തിൽ ശരാശരി അഞ്ചു മരണം റിപ്പോർട്ട് ചെയ്തിരുന്ന സ്ഥാനത്താണിത്. മേയിൽ ആകെ 145 പേരാണ് കോവിഡ് ബാധിച്ചുമരിച്ചത്.

ജൂണിൽ പുതിയതായി 67,834 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; പ്രതിദിനം ശരാശരി 2250-ലേറെ രോഗികൾ. മേയ് മാസം പ്രതിദിനം ശരാശരി 645 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. മുൻമാസത്തെ അപേക്ഷിച്ച് ജൂണിൽ പുതിയ രോഗികളുടെ എണ്ണത്തിൽ മൂന്നുമടങ്ങ് വർധനയുണ്ടായി. ഏപ്രിലുമായി താരതമ്യംചെയ്യുമ്പോൾ മേയിൽ രോഗികളുടെ എണ്ണത്തിലും മരണത്തിലും വലിയ വർധനയുണ്ടായിരുന്നു. എന്നാൽ, ജൂണിൽ മുൻമാസത്തേക്കാൾ രൂക്ഷമായിരിക്കുകയാണ് സ്ഥിതി.

രാജ്യത്ത് ഏറ്റവും മികച്ച മുൻകരുതലും പ്രതിരോധനടപടികളും സ്വീകരിക്കുന്നത് തമിഴ്‌നാട്ടിലാണെന്നും അധികം വൈകാതെ രോഗവ്യാപനം അവസാനിക്കുമെന്നുമാണ് ഏപ്രിലിൽ മുഖ്യമന്ത്രി അടക്കമുള്ളവർ പറഞ്ഞിരുന്നത്. എന്നാൽ, ഒരുമാസംമുമ്പ് രാജ്യത്ത് കോവിഡ് മരണസംഖ്യയിൽ എട്ടാം സ്ഥാനത്തായിരുന്ന തമിഴ്‌നാട് ഇപ്പോൾ നാലാംസ്ഥാനത്താണ്. മൂന്നാംസ്ഥാനത്തുള്ള ഗുജറാത്തിലും രണ്ടാംസ്ഥാനത്തുള്ള ഡൽഹിയിലും കഴിഞ്ഞ കുറച്ചുദിവസങ്ങളായി കോവിഡ് മരണം കുറഞ്ഞുവരുമ്പോൾ തമിഴ്‌നാട്ടിൽ ഉയരുകയാണ്. കഴിഞ്ഞ മൂന്നുദിവസമായി പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നത് 60-ൽ കൂടുതൽ മരണങ്ങളാണ്. കോവിഡ് രോഗികളുടെ എണ്ണത്തിൽ മഹാരാഷ്ട്ര കഴിഞ്ഞാൽ രണ്ടാംസ്ഥാനത്ത് തമിഴ്‌നാടാണ്.

ജൂൺ പകുതിവരെ ചെന്നൈ അടക്കമുള്ള വടക്കൻ ജില്ലകളിലായിരുന്നു രോഗവ്യാപനം ഏറെയുമെങ്കിൽ നിലവിൽ സംസ്ഥാനമാകെ പടർന്നിരിക്കുകയാണ്. പരിശോധന കൂടുതലായതിനാലാണ് കൂടുതൽപ്പേരിൽ രോഗം സ്ഥിരീകരിക്കുന്നതെന്നാണ് സർക്കാർ ഇപ്പോഴും ആവർത്തിക്കുന്നത്. എന്നാൽ, മരണസംഖ്യ കൂടുന്നത് ആശങ്കാജനകമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

Content Highlights: Coronavirus TamilNadu