ചെന്നൈ: കോവിഡ് വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഇതു സംബന്ധിച്ച് ചീഫ് സെക്രട്ടറി രാജീവ് രഞ്ജൻ ബുധനാഴ്ച പ്രഖ്യാപനം നടത്തിയേക്കും. വോട്ടെടുപ്പിനുശേഷം സ്ഥിതിഗതികൾ വിലയിരുത്തി നിയന്ത്രണങ്ങൾ പ്രഖ്യാപിക്കുമെന്ന് കഴിഞ്ഞദിവസം ആരോഗ്യ വകുപ്പ് സെക്രട്ടറി ജെ. രാധാകൃഷ്ണൻ അറിയിച്ചിരുന്നു.

ചീഫ് സെക്രട്ടറി വിവിധ വകുപ്പ് തലവന്മാരുമായും കൂടുതൽ കോവിഡ് സ്ഥിരീകരിച്ച ജില്ലയിലെ കളക്ടർമാരുമായും കൂടിയാലോചിച്ചാണ് തീരുമാനമെടുക്കുക. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമായവർ വീടുകളിലേക്ക് മടങ്ങുമ്പോൾ കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും വർധിക്കുമെന്നാണ് വിലയിരുത്തൽ. പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായവരിൽ ഏറെ പേർ രോഗ വാഹകരുണ്ടാകുമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം.

നിയന്ത്രണങ്ങൾ മതിയെന്നും സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തേണ്ടതില്ലെന്നുമാണ് ആരോഗ്യവകുപ്പിന്റെ നിലപാട്. പൊതുയോഗം, കലാ-സാംസ്കാരിക പരിപാടികൾ തുടങ്ങിയവയിൽ പങ്കെടുക്കുന്നവരുടെ എണ്ണം 100-നു താഴെയാക്കും. വിവാഹത്തിൽ പങ്കെടുക്കുന്നവരുടെയും ആരാധനാലയങ്ങളിലെത്തുന്നവരുടെയും എണ്ണത്തിലും നിയന്ത്രണം ഏർപ്പെടുത്തും.

Content Highlights: Coronavirus Tamil Nadu