ന്യൂഡൽഹി: കൊറോണവൈറസിനെ വില്ലനും ആൾമാറാട്ടക്കാരനുമെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നൂറുവർഷത്തിനിടയിലെ ഏറ്റവും വലിയ ദുരന്തമാണ് നാം നേരിടുന്നതെന്ന് കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ജില്ലാ കളക്ടർമാരുമായുള്ള സംവാദത്തിൽ പ്രധാനമന്ത്രി പറഞ്ഞു. ഈ വെല്ലുവിളി നേരിടാൻ പരിശ്രമിക്കുന്ന ഉദ്യോഗസ്ഥരെ അദ്ദേഹം അഭിനന്ദിച്ചു.

യുവാക്കളിലും കുട്ടികളിലും വൈറസ് ബാധ സൃഷ്ടിക്കാനിടയുള്ള ദുരന്തത്തെക്കുറിച്ച് ജാഗ്രത വേണം. ജനിതകമാറ്റം സംഭവിച്ച വൈറസ് യുവതലമുറയിൽ പടരാതിരിക്കാൻ കളക്ടർമാർ അതതു ജില്ലകളിലെ സ്ഥിതി പരിശോധിച്ച്‌ കണക്കെടുപ്പു നടത്തണം. ഏതാനുംദിവസമായി കോവിഡ് കേസുകൾ കുറഞ്ഞുവരുന്നുണ്ടെങ്കിലും കോവിഡ് മാനദണ്ഡങ്ങൾ ജനങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. രോഗബാധ കുറയുമ്പോൾ ജനങ്ങൾ ആശങ്കപ്പെടാനില്ലെന്നു ചിന്തിക്കും. ഈ പ്രവണതയ്ക്കെതിരേയും ജാഗ്രത വേണം. ജനപ്രതിനിധികളും സാമൂഹികസംഘടനകളും സർക്കാർ സംവിധാനവും കൂട്ടായി ഉത്തരവാദിത്വം നിർവഹിക്കണം -അദ്ദേഹം പറഞ്ഞു.

Content Highlights: Coronavirus PM Narendra Modi