ന്യൂഡൽഹി: കൊറോണ വൈറസ് പടർന്നുപിടിക്കുമ്പോഴും രാജ്യത്ത് 27 ശതമാനം പേർമാത്രമേ സർക്കാർ ഉത്തരവുകൾ പാലിച്ച് വീട്ടിലിരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുന്നുള്ളൂവെന്ന് സർവേ ഫലം.
ഐ.എ.എൻ.എസ്.-സീ വോട്ടർ-ഗാലപ് ഇന്റർനാഷണൽ അസോസിയേഷൻ 22 രാജ്യങ്ങളിലായി 22,000 ആളുകളെ പങ്കെടുപ്പിച്ച് നടത്തിയ സർവേയിലാണ് ഇന്ത്യയുടെ കാര്യവും പറയുന്നത്. ആഗോളതലത്തിൽ 45 ശതമാനംപേർ വീട്ടിലിരിക്കാൻ തയ്യാറായിട്ടുണ്ടെന്നും സർവേ പറയുന്നു.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പുരുഷൻമാരെയും സ്ത്രീകളെയും ഉൾപ്പെടുത്തിയാണ് സർവേ നടത്തിയത്. കോവിഡ് ബാധിക്കാതിരിക്കാൻ സാമൂഹിക അകലം പാലിക്കാൻ നടപടിയടുത്തത് 27 ശതമാനംമാത്രമെന്ന് സർവേയിൽ പറയുന്നു. മുൻകരുതലൊന്നും എടുക്കാത്തവരാണ് 73 ശതമാനവും. അതേസമയം, ഇന്ത്യയിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിന് മുൻപാണ് സർവേ നടന്നത് എന്നതിനാൽ ഇപ്പോഴത്തെ സാഹചര്യത്തിന്റെ നേർക്കാഴ്ചയായി ഈ സർവേയെ കാണാനാകില്ല.
ആഗോളതലത്തിലെ കണക്കെടുത്താൽ, ലോക ജനസംഖ്യയുടെ അഞ്ചിലൊന്നുപേരോടാണ് സാമൂഹിക അകലം പാലിച്ച് വീട്ടിലിരിക്കാൻ അതത് ഭരണകൂടങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, പകുതിയോളം, അതായത് 45 ശതമാനം പേരും വീട്ടിലിരുന്ന് സഹകരിക്കുന്നുണ്ടെന്ന് സർവേയിൽ പറയുന്നു.
കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ച് ആറായിരത്തിലേറെപ്പേർ മരിച്ച ഇറ്റലിയിൽ 93 ശതമാനം ജനങ്ങളും വീട്ടിലിരിക്കയാണ്. ഇറ്റലി കഴിഞ്ഞാൽ ഓസ്ട്രിയയിലാണ് (90 ശതമാനം) കൂടുതൽപ്പേർ വീട്ടിലിരിക്കുന്നത്. തുർക്കിയിൽ 11 ശതമാനം പേർമാത്രമേ സാമൂഹികാകലം പാലിക്കാൻ തയ്യാറായിട്ടുള്ളൂ.