ന്യൂഡൽഹി: രാജ്യത്തുടനീളം രാത്രി ഒമ്പതു മുതൽ രാവിലെ അഞ്ചു വരെ ജനസഞ്ചാരം നിരോധിച്ചത് ജനങ്ങൾ കൂട്ടംകൂടുന്നത് ഒഴിവാക്കാനാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഈ സമയത്ത് റോഡിലിറങ്ങുന്ന ചരക്ക്-യാത്രാ വാഹനങ്ങളെ തടയരുതെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചു.

അവശ്യസേവനങ്ങൾക്കും ചരക്കുനീക്കത്തിനും തടസ്സമില്ലാത്ത രീതിയിൽ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചതായും അദ്ദേഹം അറിയിച്ചു. ചില സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും രാത്രി ഒമ്പതിനും അഞ്ചിനും ഇടയിൽ ദേശീയപാതകളിലെ ആളുകളുടെയും വാഹനങ്ങളുടെയും സഞ്ചാരം നിയന്ത്രിച്ചിട്ടുണ്ട്. എന്നാൽ, ഈ സമയത്തെ നിയന്ത്രണം പ്രാഥമികമായി വ്യക്തികൾ കൂട്ടംകൂടുന്നത് തടയാനും സാമൂഹിക അകലം ഉറപ്പാക്കാനും വേണ്ടിയാണ്. ചരക്കുവാഹന യാത്ര, ചരക്കുകൾ കയറ്റലും ഇറക്കലും (സപ്ലൈ ചെയിനുകളുടെയും ലോജിസ്റ്റിക്സിന്റെയും ഭാഗമായി), സംസ്ഥാന-ദേശീയപാതകളിൽ സഞ്ചരിക്കുന്ന ബസുകൾ, ബസുകളിൽ നിന്നും തീവണ്ടികളിൽ നിന്നും വിമാനത്തിൽ നിന്നും ഇറങ്ങിയതിനുശേഷം ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ എന്നിവർക്ക് ഇതു ബാധകമല്ല -കേന്ദ്ര ആഭ്യന്തര സെക്രട്ടറി വ്യക്തമാക്കി.

Content Highlights: Coronavirus Night curfew