ന്യൂഡൽഹി: ആരാധനാലയങ്ങൾ ഉൾപ്പെടെ പൂർണമായി തുറന്നതോടെ ഡൽഹിയിൽ കോവിഡ് ഭീതി കൂടുന്നു. കേന്ദ്രമന്ത്രാലയങ്ങൾ ഉൾപ്പെടെയുള്ള തൊഴിലിടങ്ങളിലേക്കും രോഗം പടർന്നുപിടിക്കുകയാണ്. ഈ സാഹചര്യത്തിൽ സമൂഹവ്യാപനം നടന്നിട്ടുണ്ടോയെന്നു വിലയിരുത്താൻ ഡൽഹി സർക്കാർ ചൊവ്വാഴ്ച ഉന്നതതലയോഗം വിളിച്ചു.

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും വിദഗ്ധരുമടങ്ങുന്ന യോഗം സമൂഹവ്യാപനം സ്ഥിരീകരിച്ചാൽ ആരോഗ്യതന്ത്രങ്ങൾ അടിമുടി മാറ്റുമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു. ഇതിനിടെ, ഈ മാസം അവസാനത്തോടെ ഡൽഹിയിലെ രോഗികളുടെ എണ്ണം ഒരു ലക്ഷമാവുമെന്ന് സർക്കാർ നിയോഗിച്ച വിദഗ്ധസമിതിയുടെ അധ്യക്ഷൻ ഡോ. മഹേഷ് വർമ പ്രവചിച്ചതും ആശങ്കയുടെ തെളിവായി. രണ്ടാഴ്ചയ്ക്കിടെ രോഗികളുടെ എണ്ണം 56,000 ആകുമെന്നാണ് സംസ്ഥാന ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ പറഞ്ഞത്.

രോഗികൾ ഒരുലക്ഷമായാൽ ഡൽഹിയിൽ 15,000 കിടക്കകൾ വേണ്ടിവരുമെന്ന് വിദഗ്ധസമിതി അധ്യക്ഷൻ ഡോ. മഹേഷ് വർമ ചൂണ്ടിക്കാട്ടി. മൊത്തം രോഗികളിൽ 20-25 ശതമാനംപേർക്ക് ആശുപത്രിചികിത്സ വേണ്ടിവരും. ഇതിൽ അഞ്ചുശതമാനത്തെ ഐ.സി.യുവിൽ പ്രവേശിപ്പിക്കേണ്ടിവരും. നിലവിൽ 8280 കിടക്കകളേ ഡൽഹിയിലെ ആശുപത്രികളിലുള്ളൂ. 2500 പോർട്ടബിൾ ഓക്‌സിജൻ സിലിൻഡറുകൾ ഇതിനോടകം ഡൽഹിസർക്കാർ വാങ്ങിക്കഴിഞ്ഞു.

രോഗമുക്തിനിരക്ക് നേരത്തേ 48.7 ശതമാനമുള്ളത് ഇപ്പോൾ 38 ശതമാനമായി കുറഞ്ഞു. തുറന്നിടലോടെ, അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ രോഗം വൻതോതിൽ കൂടുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

Content Highlights: Coronavirus New Delhi