ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുമ്പോഴും കേരളത്തിൽ ആശങ്ക. വെള്ളിയാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിലെ കണക്കുപ്രകാരം ആയിരത്തിനു മുകളിൽ കേസുകൾ റിപ്പോർട്ടുചെയ്ത ഏക സംസ്ഥാനമാണ് കേരളം (5281). രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയിൽ 652 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

നിലവിൽ രാജ്യത്ത് 1,35,926 പേരാണ് ചികിത്സയിലുള്ളത്. ഇത് മൊത്തം രോഗബാധയുടെ 1.25 ശതമാനം മാത്രമാണ്. രാജ്യത്തെ മൊത്തം രോഗബാധിതരിൽ 45 ശതമാനവും കേരളത്തിലാണ്. 63,961 രോഗികളാണ് കേരളത്തിലുള്ളത്. 26 ശതമാനം പേർ മഹാരാഷ്ട്രയിലും. മറ്റുള്ള സംസ്ഥാനങ്ങളിലെല്ലാംകൂടി 29 ശതമാനവും.

രാജ്യത്ത് പുതുതായി 9309 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ എണ്ണം 1,08,80,603 ആയി. ഇതുവരെ 1,05,89,230 പേരുടെ രോഗം ഭേദമായി. 87 പേർ മരിച്ചു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽപ്പേർ മരിച്ചത് (25). കേരളമാണ് തൊട്ടുപിന്നിൽ (16).

ആഗോളതലത്തിൽ ഏറ്റവും കൂടുതൽ രോഗമുക്തിനിരക്ക് റിപ്പോർട്ടുചെയ്ത രാജ്യമാണ് ഇന്ത്യ (97.32). 18 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഒരാൾപോലും മരിച്ചിട്ടില്ല.

വെള്ളിയാഴ്ച എട്ടുമണിവരെ 75 ലക്ഷം (75,05,010) പേരാണ് കോവിഡ് വാക്സിൻ സ്വീകരിച്ചത്. ഏറ്റവും കൂടുതൽപേർ കുത്തിവെപ്പെടുത്ത സംസ്ഥാനം ഉത്തർപ്രദേശാണ് (7,63,421).

CoronaVirus:  More than a thousand patients per day in Kerala