മുംബൈ: കോവിഡ് വ്യാപനം ശക്തമായ പശ്ചാത്തലത്തിൽ തിങ്കളാഴ്ചമുതൽ മഹാരാഷ്ട്രയിൽ കർശന നിയന്ത്രണങ്ങളേർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു. എല്ലാ വെള്ളിയാഴ്ചയും രാത്രി എട്ടുമുതൽ തിങ്കളാഴ്ച രാവിലെ ഏഴുവരെ പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു.

എല്ലാ ദിവസവും രാത്രി എട്ടുമുതൽ രാവിലെ ഏഴുവരെയുള്ള രാത്രി കർഫ്യൂ തുടരും. ഇതു കൂടാതെ പകൽസമയത്ത് സംസ്ഥാനത്ത് 144-ഉം പ്രഖ്യാപിച്ചു. അവശ്യ സർവീസുകളെ ഇതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഞായറാഴ്ച വൈകീട്ട് മൂന്നു മണിക്ക് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് ഈ തീരുമാനങ്ങളെടുത്തത്.

തിങ്കളാഴ്ച രാത്രി എട്ടുമണിക്ക് ശേഷമായിരിക്കും നിയന്ത്രണം കർശനമാക്കുക. ഷോപ്പിങ് മാളുകൾ, റസ്റ്റോറന്റുകൾ, ബാറുകൾ എന്നിവയുടെ പ്രവർത്തനങ്ങളും നിയന്ത്രിക്കും. ഇവിടെനിന്നു സാധനങ്ങൾ വാങ്ങാം. ഇരുന്നു കഴിക്കാൻ പാടില്ല. സർക്കാർ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർ മാത്രം. തിയേറ്ററുകളും നാടക ഹാളുകളും അടച്ചിടും. എന്നാൽ സിനിമാ, ടെലിവിഷൻ ചിത്രീകരണങ്ങൾ ആൾക്കൂട്ടമില്ലാതെ നടത്താം. പാർക്കുകളും മൈതാനങ്ങളും അടയ്ക്കും. ആരാധനാലയങ്ങൾക്ക് കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച് പ്രവർത്തിക്കാം.

പൊതുഗതാഗതങ്ങളെല്ലാം പ്രവർത്തിക്കുമെങ്കിലും ഓട്ടോറിക്ഷ, ടാക്സി, ബസ് എന്നിവയിൽ 50 ശതമാനം യാത്രക്കാരെ മാത്രമേ കയറ്റാവൂ. ഇൻഷുറൻസ്, മെഡിക്ലെയിം, വൈദ്യുതി, സർക്കാർ ഓഫീസുകൾ ഒഴികെ മറ്റുള്ളവരെല്ലാം വീട്ടിലിരുന്നുള്ള ജോലി പ്രോത്സാഹിപ്പിക്കണമെന്നും നിർദേശമുണ്ട്. വ്യവസായങ്ങൾക്കും ഉത്‌പാദന മേഖലയ്ക്കും പച്ചക്കറി ചന്തകൾക്കും പ്രവർത്തിക്കാം. തൊഴിലാളികൾക്ക് പ്രവൃത്തി നടക്കുന്നിടത്തുതന്നെ താമസിക്കാൻ സൗകര്യമുണ്ടെങ്കിൽ നിർമാണപ്രവർത്തനങ്ങൾക്കും തടസ്സമില്ല. ആഴ്ചകൾക്ക് മുമ്പേ മഹാരാഷ്ട്രയിൽ കർശന നിയന്ത്രണങ്ങൾ ഉടൻ പ്രഖ്യാപിക്കും എന്ന സൂചന പല ഭാഗത്തുനിന്നും വന്നിരുന്നു. എന്നാൽ, ഈസ്റ്റർ ആഘോഷം കഴിയുന്നതിനായി കാത്തിരിക്കുകയായിരുന്നു സർക്കാർ. ശനിയാഴ്ച സംസ്ഥാനത്ത് അരലക്ഷത്തോളം പേർക്കാണ് പുതുതായി കോവിഡ് പിടിപെട്ടത്. മുംബൈയിലും ഒറ്റ ദിവസം രോഗം പിടിപെടുന്നവരുടെ എണ്ണം പതിനായിരത്തിനടുത്തെത്തി. ഓരോ ദിവസവും രാജ്യത്ത് പുതുതായി ഉണ്ടാവുന്ന രോഗികളിൽ 60 ശതമാനത്തോളവും മഹാരാഷ്ട്രയിൽ നിന്നാണ്. പ്രതിദിന മരണ നിരക്കും 250 കടന്നു. ഈ സാഹചര്യത്തിലാണ് കർശന നിയന്ത്രണങ്ങളിലേക്ക് പോകാൻ സർക്കാർ തീരുമാനിച്ചത്.

Content Highlights: Coronavirus Maharashtra