ന്യൂഡല്‍ഹി/തിരുവനന്തപുരം: കേരളത്തിൽ ഹോട്‌സ്പോട്ടുകള്‍ അല്ലാത്ത സ്ഥലങ്ങളില്‍ എല്ലാതരം കടകളും തുറക്കാന്‍ സംസ്ഥാനസർക്കാരിന്റെ അനുമതി. ഷോപ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന്റെ പരിധിയില്‍വരുന്ന എല്ലാ കടകളും ഇതോടെ തുറക്കാനാകും. സിംഗിള്‍ ബ്രാന്‍ഡ്, മള്‍ട്ടിബ്രാന്‍ഡ് മാളുകള്‍ക്ക് അനുമതിയില്ല. െറസിഡന്‍ഷ്യല്‍ കോംപ്ലക്‌സുകളിലെയും മാര്‍ക്കറ്റ് കോംപ്ലക്‌സുകളിലെയും ഉള്‍പ്പെടെയുള്ള കടകള്‍ക്ക് തുറക്കാം.

ഹോട്‌സ്പോട്ടുകൾ ഒഴികെയുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ കടകള്‍ തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതിനു പിന്നാലെയാണ് കേരളം ഇളവനുവദിച്ചത്. ചെറുകിട-ഇടത്തരം കച്ചവടക്കാര്‍ക്ക് ആശ്വാസമായി വെള്ളിയാഴ്ച അര്‍ധരാത്രിയാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവിറങ്ങിയത്.

കേന്ദ്രനിര്‍ദേശപ്രകാരം നഗരസഭ, കോര്‍പ്പറേഷന്‍ പരിധിക്കു പുറത്തുള്ള കടകള്‍ക്കാണ് അനുമതിയുള്ളത്. എന്നാൽ, കേരളത്തില്‍ നഗര, ഗ്രാമ വ്യത്യാസമില്ലാത്തതിനാൽ എല്ലാ കടകളും തുറക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എന്നാൽ, ആളുകൂടാന്‍ സാധ്യതയുള്ള മാളുകള്‍, സിംഗിള്‍ ബ്രാന്‍ഡ്, മള്‍ട്ടിബ്രാന്‍ഡ് കടകള്‍ തുറക്കാൻ പാടില്ല. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതവരുത്തി സംസ്ഥാനസര്‍ക്കാര്‍ പ്രത്യേക ഉത്തരവിറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കട തുറക്കുമ്പോൾ ശ്രദ്ധിക്കാൻ

കടയും പരിസരവും അണുവിമുക്തമാക്കണം

പരമാവധി 50 ശതമാനം ജീവനക്കാര്‍മാത്രമേ ഉണ്ടാകാൻ പാടുള്ളൂ.

മുഖാവരണം ധരിക്കണം.

ശാരീരിക അകലം പാലിക്കണം.

തുറക്കാം

കേന്ദ്രനിർദേശം

* ചന്തകളിലും സാധാരണ വാണിജ്യ സമുച്ചയങ്ങളിലുമുള്ള ഗ്രാമ-അര്‍ധഗ്രാമ പ്രദേശങ്ങളിലെ കടകള്‍. അവശ്യസാധനങ്ങളല്ലാത്തവ വില്‍ക്കുന്ന കടകള്‍ക്കും ബാധകം.

* നഗരപ്രദേശങ്ങളിലെ ഗാര്‍ഹിക സമുച്ചയങ്ങളിലുള്ളതോ ഒറ്റപ്പെട്ടു നില്‍ക്കുന്നതോ ആയ കടകള്‍. ഇത്തരം കടകളാണെങ്കില്‍, അത്യാവശ്യ സാധനങ്ങളല്ലാത്തവയും വില്‍ക്കാം.

കേരളത്തിൽ നഗര-ഗ്രാമ വ്യത്യാസമില്ലാത്തതിനാൽ എല്ലാ കടകളും തുറക്കാം

തുറക്കാനാവാത്തവ

* വാണിജ്യസമുച്ചയങ്ങളും ചന്തകളും.

* മാളുകള്‍

* സിനിമാശാലകള്‍, ജിം, സ്പോര്‍ട്സ് കോംപ്ലക്സുകള്‍ തുടങ്ങി നേരത്തേ നിര്‍ദേശിച്ചവ

* മദ്യക്കടകള്‍, ബാറുകള്‍

* ഇ-കൊമേഴ്സ് കമ്പനികള്‍ അവശ്യസാധനങ്ങളേ വിതരണംചെയ്യാവൂ

തമിഴ്നാട്ടിലേക്ക് വാഹനംവിടില്ല

ഞായറാഴ്ച രാവിലെമുതല്‍ ചൊവ്വാഴ്ചവരെ തമിഴ്‌നാട്ടിലേക്ക് വാഹനങ്ങള്‍ കടത്തിവിടില്ല. അടുത്ത 60 മണിക്കൂര്‍ തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുള്ളതിനാലാണിത്. ഈസമയം അതിര്‍ത്തിജില്ലകളില്‍ പരിശോധന ശക്തമാക്കും. അതുവഴിയുള്ള ചരക്കുവാഹനങ്ങളുടെ കാര്യം പ്രത്യേകം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചുവപ്പുമേഖലയിലെ ഹോട്സ്പോട്ടുകളിൽ ട്രിപ്പിൾ ലോക്‌ഡൗൺ

ചുവപ്പുമേഖലയിലെ ഹോട്സ്പോട്ട് പ്രദേശങ്ങളിൽ കാസർേകാട് ജില്ലയിൽ നടപ്പാക്കിയതുപോലെ ട്രിപ്പിൾ ലോക്‌ഡൗൺ ഏർപ്പെടുത്തും. കൂടുതൽ ബാരിക്കേഡുകൾ സ്ഥാപിച്ച് വാഹനപരിശോധന കർശനമാക്കും. മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പട്രോളിങ്ങുണ്ടാകും. അവശ്യസാധനങ്ങൾ പോലീസ് വാങ്ങി വീടുകളിലെത്തിക്കും. മറ്റുജില്ലകളിലെ ഹോട്സ്പോട്ട് മേഖലകൾ സീൽചെയ്ത് പ്രവേശനം ഒരുവഴിയിൽകൂടി മാത്രമാക്കി.

Coontent Highlights: Coronavirus Lockdown