rajesh krishna
രാജേഷ് കൃഷ്ണ

കൊച്ചി: രോഗലക്ഷണങ്ങളൊന്നും ഇല്ലെങ്കിലും ഞാന്‍ കാരണം മറ്റുള്ളവര്‍ക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാകരുതെന്ന് വിചാരിച്ചാണ് വിമാനത്തില്‍നിന്ന് ഇറങ്ങിയത്-കൊറോണ സ്ഥിരീകരിച്ച വിദേശസംഘത്തിനൊപ്പം ഞായറാഴ്ച വിമാനത്തില്‍ കയറിയശേഷം ഇറങ്ങിപ്പോന്ന പത്തനംതിട്ട സ്വദേശി രാജേഷ് കൃഷ്ണ പറഞ്ഞു. ലണ്ടനില്‍ പത്രപ്രവര്‍ത്തകനാണ് രാജേഷ്. കുറച്ചുനാള്‍ മുമ്പാണ് നാട്ടിലെത്തിയത്. അന്നുമുതല്‍ സ്വയം ഐസോലേഷനിലായിരുന്നു. ഒടുവില്‍ ഞായറാഴ്ച മടങ്ങാമെന്ന് കരുതി.

അന്നത്തെ സംഭവങ്ങള്‍ അദ്ദേഹത്തിന്റെ വാക്കുകളിലൂടെ: രാവിലെ എട്ടേമുക്കാലോടെയാണ് ചെക്ക് ഇന്‍ ചെയ്തത്. ബോര്‍ഡിങ്ങിന് തൊട്ടുമുമ്പ് ഒരു സുഹൃത്തും വിമാനക്കമ്പനിയിലെ ഒരു പരിചയക്കാരനും വന്ന് വിമാനത്തില്‍ കൊറോണ സംശയിക്കുന്നവരുണ്ടെന്നും അല്‍പ്പം കഴിഞ്ഞ് കയറാമെന്നും പറഞ്ഞു. വൈകാതെ രണ്ടുപേരെ ഒഴിച്ച് എല്ലാവരെയും കയറ്റി. 188 യാത്രക്കാര്‍ ഉണ്ടായിരുന്നെന്നാണ് ഓര്‍മ്മ. പെട്ടെന്ന് അനൗണ്‍സ്‌മെന്റ് വന്നു. ഇമിഗ്രേഷന്‍ പ്രശ്‌നങ്ങള്‍ മൂലം കുറച്ചുപേരെ തിരിച്ചിറക്കുകയാണെന്ന്. 19 അംഗ വിദേശസംഘത്തില്‍ കൊറോണ സ്ഥിരീകരിച്ചയാളെയും ഭാര്യയെയും വിമാനത്തില്‍ കയറ്റിയിരുന്നില്ല. അവരുടെ സംഘത്തിലുണ്ടായിരുന്ന ബാക്കിയുള്ളവരോടാണ് ഇറങ്ങാന്‍ പറഞ്ഞത് ഇതില്‍ രണ്ടുപേര്‍ എന്റെ തൊട്ടടുത്ത സീറ്റുകളിലായിരുന്നു. രണ്ടുപേര്‍ തൊട്ടുപിന്നിലെ സീറ്റിലും. ഞാന്‍ എഴുന്നേറ്റ് മാറിക്കൊടുത്തപ്പോഴാണ് രണ്ടുപേര്‍ക്ക് ഇറങ്ങാനായത്. അപ്പോള്‍ ഒരു ക്രൂ വന്ന് അടുത്തിരുന്നവര്‍ക്കും യാത്ര ഒഴിവാക്കണമെങ്കിൽ ഒഴിവാക്കാൻ അവസരമുണ്ടെന്ന് പറഞ്ഞു. ബന്ധുവായ ഡോക്ടറെ വിളിച്ച് രണ്ട് മിനിട്ടിനകം ഇറങ്ങാമെന്ന് തീരുമാനമെടുത്തു. ദുബായില്‍നിന്നുള്ള കണക്ഷന്‍ ഫ്‌ളൈറ്റ് അപ്പോഴേക്കും പോയിട്ടുണ്ടാകും. അതുകൊണ്ട് അവര്‍ താമസ സൗകര്യം തരും. എനിക്ക് രോഗബാധയുണ്ടെങ്കില്‍ ആ ഹോട്ടലിലും ഇനി കയറാന്‍ പോകുന്ന ഫ്‌ളൈറ്റിലും പ്രശ്‌നമാണ്. അല്ലെങ്കില്‍ ദുബായില്‍ ക്വാറന്റൈന്‍ ചെയ്യപ്പെടും. ഇതെല്ലാം ആലോചിച്ചപ്പോള്‍ ഇറങ്ങുന്നതാണ് ശരിയെന്ന് തോന്നി. ലണ്ടനില്‍ കാൻസർ ഗവേഷണ വിഭാഗത്തിൽ ജോലി ചെയ്യുന്ന ഭാര്യയെ വിളിച്ചു കാര്യം പറഞ്ഞു. . പെട്ടെന്ന് ഇറങ്ങിയെങ്കിലും പുറത്തേക്ക് വരാന്‍ രണ്ടരമണിക്കൂര്‍ താമസിച്ചു. എന്നെ ഏത് വഴിയിലൂടെ പുറത്തേക്ക് വിടണമെന്ന് ഇമിഗ്രേഷന്‍ വിഭാഗവും സി.ആര്‍.പി.എഫ്. വിഭാഗവും തമ്മില്‍ തര്‍ക്കം. കാത്തിരിപ്പ് നീണ്ടപ്പോള്‍ തീരുമാനം തെറ്റിപ്പോയോ എന്ന് സംശയിച്ചു. ഒടുവില്‍ ജില്ലാ കളക്ടറും മറ്റും ഇടപെട്ടതോടെ പ്രശ്‌നം പരിഹരിച്ചു. നാട്ടിലേക്ക് പോകാൻ വണ്ടി ഏർപ്പെടുത്തണോയെന്ന് അവിടെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മാദ്ധ്യമ പ്രവർത്തകരുമായി സംസാരിച്ചു കൊണ്ടിരുന്ന മന്ത്രി സുനിൽകുമാർ ചോദിച്ചെങ്കിലും എന്റെ ഒരു സുഹൃത്തിന്റെ വണ്ടി ഞാന്‍ നേരത്തെ വിളിച്ചിരുന്നു. അതിന്റെ ഡ്രൈവറെ അവിടെ ഇറക്കി സ്വയം ഡ്രൈവ് ചെയ്താണ് പത്തനംതിട്ടയിലേക്ക് പോയത്. മുഴുവൻ യാത്രക്കാരെയും ഇറക്കാൻ ആലോചന ഉണ്ടായെങ്കിലും നാലു മണിക്കൂറോളം വൈകി മറ്റു യാത്രക്കാരുമായി വിമാനം പുറപ്പെട്ടിരുന്നു.

ലണ്ടനില്‍നിന്ന് വന്ന നാള്‍ മുതല്‍ സ്വയം ഐസോലേഷനിലായിരുന്നു. വീട്ടില്‍ പോയെങ്കിലും അകത്തേക്ക് കയറിയില്ല. ലണ്ടനിലുള്ള ഒരു സുഹൃത്തിന്റെ തിരുവല്ലയിലെ ഫ്ലാറ്റില്‍ ഒറ്റയ്ക്ക് കഴിയുകയായിരുന്നു. ഇപ്പോഴും അവിടെത്തന്നെയാണ്. 31 വരെ യൂറോപ്പിലേക്ക് യാത്രാവിലക്കുള്ളതിനാല്‍ ഇനി എപ്പോള്‍ പോകാനാകുമെന്നറിയില്ല. കരുതല്‍ കാലാവധി കഴിയുന്നതുവരെ ഇവിടെ സ്വയം ഐസോലേഷനില്‍ കഴിയാനാണ് തീരുമാനം-അദ്ദേഹം പറഞ്ഞു.

Content Highlights: Coronavirus Kochi airport